‘ചലോ ദില്ലി മഹാറാലി’; രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനം; രാഹുലിനൊപ്പം അഖിലേഷ്, മമത, എംഎ ബേബി; 4 ബസുകളില്‍ എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജനസാഗരമാക്കി ‘ഇന്ത്യ’ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മഹാറാലി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള റാലിയില്‍ രാജ്യതലസ്ഥാനം ആള്‍ക്കടലായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്നാണ് നേതാക്കള്‍ തുറന്ന വാഹനത്തില്‍ രാംലീലാ മൈതാനത്തേക്ക് പുറപ്പെട്ടത്. നാല് ബസുകളിലായി എം.പി.മാരും രാഹുലിനൊപ്പമുണ്ട്. മഹാറാലിക്ക് പിന്തുണയുമായി സന്യാസികളും രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലേക്ക് എംപിമാരും സുര്‍ജിത് ഭവനില്‍ നിന്ന് എം.വി. ഗോവിന്ദന്‍, പി. രാജീവ് ഉള്‍പ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാര്‍ച്ചിനായി പുറപ്പെട്ടു. ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് രാംലീലാ മൈതാനം നിറഞ്ഞുകഴിഞ്ഞു. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനസഞ്ചയമാണ് റാലിയില്‍ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. രാംലീലയിലേയ്ക്കുള്ള റോഡുകളിലും വന്‍ ജനക്കൂട്ടം ഉണ്ട്. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. വൈകീട്ട് 5 മണിക്ക് മുന്‍പ് തന്നെ റാലി അവസാനിപ്പിക്കണം എന്നാണ് നിര്‍ദേശം. ഇടത് പാര്‍ട്ടികളുടെയും മറ്റ് ഘടകകക്ഷികളുടെയും പങ്കാളിത്തം സമരത്തെ കൂടുതല്‍ ശക്തമാക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ബിജെപി ഭരണത്തിന്റെ അന്ത്യത്തിലേക്കാണ് ഈ നീക്കമെന്നും നേതാക്കള്‍ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍, ദേവരാജന്‍, ജയറാം രമേശ്, പവന്‍ ഖേര, ദീപദാസ് മുന്‍ഷി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്, വി.ഡി. സതീശന്‍ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും മൈതാനത്തുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page