ജയ്പൂര്‍: ഒറ്റ ദിവസം കൊണ്ട് ബാങ്ക് അക്കൗണ്ടില്‍ നമ്മള് പ്രതീക്ഷിക്കാത്ത വന്‍ പണം എത്തിയാല്‍ ആരും ഒന്ന് ഞെട്ടും. രാജസ്ഥാനിലെ സിക്കാറിലുള്ള സമീര്‍ ഖാനാണ് (22) ഇത്തരമൊരു അനുഭവമുണ്ടായത്. 10000 രൂപമാത്രം ശമ്പളമുള്ള മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ യുവാവിന്റെ അക്കൗണ്ടില്‍ ഒറ്റദിവസം എത്തിയത് 10000 കോടി രൂപ. എന്നാല്‍ കോടീശ്വരനായതിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. അക്കൗണ്ട് മരവിപ്പിച്ചതായി ബങ്കില്‍ നിന്നും സന്ദേശം പിന്നാലെ വന്നു. ഇതോടെ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായി സമീര്‍ ഖാന്. സിക്കാര്‍ നഗരത്തിലെ നിര്‍മല്‍ മെഡിക്കല്‍ സ്റ്റോറിലാണ് സമീര്‍ ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച തന്റെ പ്രീപെയ്ഡ് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുന്നതിനായി ബാങ്കിങ് ആപ്പ് തുറന്നപ്പോഴാണ് അക്കൗണ്ട് ബാലന്‍സ് പൂജ്യം എന്ന് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയാന്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലേക്ക് 10,000 കോടി രൂപ വന്നെന്നും പിന്നാലെ അക്കൌണ്ട് ബാങ്ക് മരവിപ്പിച്ചതായും കണ്ടെത്തിയത്.
പരിഭ്രാന്തനായ സമീര്‍ ഉടന്‍ തന്റെ കടയുടമ ധീരജ് ശര്‍മയെ വിവരമറിയിച്ചു. ഇരുവരും ചേര്‍ന്ന് സിക്കാര്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി. ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായത്. ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുകയും സമീറിന്റെ അക്കൗണ്ടിലുണ്ടായിരുന്ന യഥാര്‍ത്ഥ തുകയായ 55,000 രൂപ പുനഃസ്ഥാപിക്കുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഇങ്ങനെയൊരു സംഭവം കാണുന്നതെന്നും സമീര്‍ പറഞ്ഞു.








