കണ്ണൂർ: കാർ പിന്നോട്ടെടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിലാണ് സംഭവം. തയ്യിൽ കുറുവ റോഡിനു സമീപം സെയിൻ ഹൗസിൽ ഹൂറിൻ മെഹബൂബിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കാർ തിരിക്കാനുള്ള ശ്രമത്തിനിടെ കുട്ടി കാറിനടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഇത് പിതാവ് കണ്ടില്ല. പിതാവ് കാർ പിന്നോട്ടെടുത്തതോടെ കുട്ടി അതിനടിയിൽ പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷഫ് ഖത്തിനെതിരേ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം കൈകാര്യംചെയ്തുവെന്ന കുറ്റത്തിനാണ് കേസ്. മാതാവ് : അറക്കകത്ത് ഷഹമ. സഹോദരി ഹെസ്ലിൻ. വൈകുന്നേരം കബറടക്കം നടത്തി.








