കാസർകോട്: കളനാട്ടെ ചെമ്മനാട് വനിതാ സർവീസ് സൊസൈറ്റിയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി 4.40 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. ചന്ദ്രഗിരി കീഴൂർ വീട്ടിൽ കെ സാജുദ്ദീ(47)നെയാണ് മേൽപ്പറമ്പ് എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിലും കർണാടകയിലുമായി നിരവധി കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ച് മാസം മുതലാണ് ഇയാൾ സൊസൈറ്റിയിൽ നിന്നും മുക്ക് പണ്ടം പണയപ്പെടുത്തി പണം കൈക്കലാക്കിയത്. മൂന്നുമാസങ്ങളിലായി മാല, നാല് വള അടക്കം 48.21 ഗ്രാം മുക്കുപണ്ടം സൊസൈറ്റിയിൽ പണയപ്പെടുത്തിയിരുന്നു. പിന്നീടാണ് പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സെക്രട്ടറി ഉഷാകുമാരി മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് സാജുദ്ദീനെ നിരീക്ഷിച്ചു വരികയായിരുന്നു. കേരളത്തിലും കർണാടകയിലും ആണ് ഇയാൾ കഴിഞ്ഞിരുന്നത്. അടുത്തിടെ ജയിലിൽ നിന്ന് ഇറങ്ങിയ കവർച്ചാകേസ് പ്രതിയുടെ വീട്ടിൽ നിന്നാണ് സാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക സുള്ള്യയിലും പുത്തൂരിലും ആയി 9 കവർച്ചാക്കേസുകളും കേരളത്തിൽ അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം പിന്നീട് സ്വിച്ച് ഓഫ് ആക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ കളത്തിൽ, സി പി ഒ ഹാരിഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.







