കണ്ണൂര്‍: കള്ളത്തോക്ക് പിടികൂടിയ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി 13 വര്‍ഷമായി മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. മണക്കടവ് ചീക്കാട്ടെ മൂത്തേടത്ത് എം.കെ നാരായണനാ(42)ണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ അരങ്ങം പഞ്ചായത്ത് കവലക്ക് സമീപം വെച്ച് ആലക്കോട് എസ്.ഐ സുരേഷ്‌കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ ടി.കെ സജിമോന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ. മുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 2013 ഫെബ്രുവരിയില്‍ നാടന്‍ കള്ളത്തോക്ക് സഹിതം കാപ്പിമല മഞ്ഞപ്പുല്ലിന് സമീപം കരാമരംതട്ടില്‍ വെച്ച് നാരായണനെയും കൂട്ടാളി ഉദയഗിരി താബോറിലെ മുളംകുഴിയില്‍ റോബിന്‍ തോമസി (37)നെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജയിലായിരുന്ന ഇരുവരും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസ് പിന്നീട് വനംവകുപ്പ് പൊലീസിന് കൈമാറിയിരുന്നു.
2022 ല്‍ ഇരുവരെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഒളിവിലായിരുന്ന റോബിന്‍ തോമസിനെ കഴിഞ്ഞ സപ്തംബര്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. നാരായണനും വര്‍ഷങ്ങളായി പലയിടങ്ങളിലായി ഒളിവിലായിരുന്നു. ഇതിനിടെ ഇയാള്‍ ജാക്കിഗ്രാമര്‍ കമ്പ്രസര്‍ വാഹനത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തുവരുന്നതായി എസ്.ബിക്കും എസ്.എസ്.ബിക്കും രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെരിങ്ങോം പൊലീസ് സ്റ്റേഷനില്‍ 2009 ല്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലും പ്രതിയാണ് നാരായണന്‍. ഈ കേസില്‍ നാരായണനെ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. പെരിങ്ങോം പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ആലക്കോട് പിടിയിലായത്. ആലക്കോട് പൊലീസ് പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറി. എസ്.ഐ ഖദീജ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.








