ഡെറാഡൂണ്‍: ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പൈലറ്റടക്കം ആറുപേരുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ബദരീനാഥിനും ജോഷിമഠിനും ഇടയില്‍ ആണ് അപകടത്തില്‍പെട്ട് കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് ബദരീനാഥില്‍ നിന്ന് പറന്നുയര്‍ന്ന ട്രാന്‍സ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഹാഥി പര്‍വത മേഖലയ്ക്ക് സമീപമെത്തിയപ്പോള്‍ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഹെലികോപ്ടര്‍ തകര്‍ന്നുവീണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി സ്ഥിരീകരിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സംസ്ഥാന രക്ഷാസേനയെയും കരസേനയെയും നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി മറ്റു രണ്ടു ഹെലികോപ്റ്ററുകളാണ് വിന്യസിച്ചിരിക്കുന്നത്. കനത്തമഴയും മഞ്ഞുമൂടിയ കാലാവസ്ഥയും കാരണം ഹെലികോപ്റ്റര്‍ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്നത് പൈലറ്റ് ഹിമാന്‍ഷു, യാത്രക്കാരായ പ്രതാപ, അരുണ്‍, ശങ്കര്‍ ഗൗഡ, സുധീര്‍ കെ, എച്ച്എസ് നടരാജ എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.








