പത്തനംതിട്ട: രാത്രിയില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി അജ്ഞാതന്റെ സഞ്ചാരം. അടൂര്‍ ഏഴങ്കുളം പഞ്ചായത്തിലാണ് രാത്രികാലങ്ങളില്‍ വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍ അജ്ഞാതനായ ഒരാള്‍ നഗ്നനായി പ്രത്യക്ഷപ്പെടുന്നത്. വാഴവിളപ്പടി, പട്ടാഴിമുക്ക് എന്നീ ഭാഗങ്ങളിലാണ് ഈ സാമൂഹ്യവിരുദ്ധന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. സിസിടിവി ദൃശ്യത്തിലാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്തെ കടകള്‍ക്ക് മുന്നിലെത്തിയ ശേഷം കൂടുതല്‍ വീടുകളുള്ള ഭാഗങ്ങളിലേക്ക് ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം ഈ പ്രദേശത്ത് നടന്നിരുന്നുവെങ്കിലും അന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീടുകളുടെ മുന്നിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്പിലുമാണ് ഇയാളുടെ നഗ്നനടത്തം. നിലവില്‍ വീടുകളിലോ കടകളിലോ മോഷണശ്രമങ്ങളോ മറ്റ് അതിക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എങ്കിലും രാത്രികാലങ്ങളില്‍ ഇയാള്‍ തുടര്‍ച്ചയായി വരുന്നത് പ്രദേശവാസികളുടെ സമാധാനം കെടുത്തുകയും വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുന്നതിനായി പൊലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








