ചിറ്റൂര്‍: കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലെ വാട്ടര്‍ടാങ്കില്‍ രണ്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവ് നിവേദ്യയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. വടകരപ്പതി മേനോന്‍പാറ പാറക്കുഴി പട്ടമരത്താര് വീട്ടില്‍ മാര്ട്ടിന് ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ടു പങ്കുണ്ടെന്നും ഇയാള്‍ക്കൊപ്പം പോകാനാണ് കൊലനടത്തിയതെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. നിവേദ്യയും കേസില്‍ പ്രതിയാണ്. ഇവര്‍ താമസിച്ച വാടകവീടിന്റെ അയല്‍വാസിയാണ് മാര്ട്ടിന്. കഴിഞ്ഞ സെപ്റ്റംബര്‍ 29 നാണ് സഹോദരങ്ങളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരെ വാടകവീട്ടിലെ കുളിമുറിയില്‍ സിമെന്റ് വാട്ടര്‍ ടാങ്കില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുട്ടികളുടെ അമ്മ കുറ്റസമ്മതം നടത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍നിന്നാണ് മാര്‍ട്ടിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചന ലഭിച്ചത്. നിവേദ്യയെ കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യംചെയ്തതോടെ ആണ്‍സുഹൃത്തിന്റെ പങ്ക് പുറത്തു വരികയായിരുന്നു.
നിവേദ്യ കുട്ടികളെ മുക്കിക്കൊലപ്പെടുത്തുമ്പോള് പുറത്ത് മറ്റാരെങ്കിലും വരുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ മാര്ട്ടിന് കാവല്നിന്നെന്നാണു കണ്ടെത്തല്‍. കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും സ്ഥലംവിട്ടു. പിന്നീട് വീട്ടിലെത്തിയ നിവേദ്യ കുട്ടികളെ കാണാനില്ലെന്നു പറഞ്ഞ് അയല്‍വീടുകളില്‍ അന്വേഷിച്ചു. കൊലപാതത്തിനായി ഇരുവരും ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു.
കുട്ടികളെ ഒഴിവാക്കിയാല്‍ നിവേദ്യയെ സ്വീകരിക്കാമെന്നു മാര്ട്ടിന് വാഗ്ദാനം നല്‍കിയതായി സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.








