കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ പി.പി ദിവ്യയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്. കണ്ണൂര്‍ യൂണിറ്റിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. അന്വേഷണത്തില്‍ നിന്ന് ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരിക്കെ ടെണ്ടര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിനാധാരമായ പരാതി. ബിനാമി കമ്പനിയാണെന്നും പി.പി ദിവ്യ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണത്തിന് ഔദ്യോഗികമായി അനുമതി നല്‍കുകയുമായിരുന്നു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. ബിനാമി, അനധികൃത സമ്പാദ്യം എന്നിവയാകും അന്വേഷിക്കുക. അന്വേഷണം അടുത്തമാസം തന്നെ ആരംഭിക്കുമെന്നാണ് വിവരം.








