കാസർകോട്: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞങ്ങാട് കുശാൽനഗറിലെ മറുസു ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം ജെ ഷംഷീർ(30) ആണ് എക്സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റ്ലേക്ക് പോകുന്ന റോഡിൽ വച്ചാണ് യുവാവ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് ഹൊസ്ദുർഗ് സർക്കിൾ എക്സൈസ് സംഘം സ്ഥലത്ത് എത്തിയത്. സ്കൂട്ടർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ 1.3കിലോ കഞ്ചാവ് കണ്ടെത്തി. വിൽപ്പന നടത്താൻ കൊണ്ടുപോവുകയാണെന്ന് പ്രതി എക്സ്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. എൻ ഡി പി എസ് ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. ഇ ഐ ആന്റ് ഐ ബി കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം വി ഗ്രേഡ് സുധീന്ദ്രൻ, പ്രിവന്റിവ് ഓഫീസർ മുഹമ്മദ് കബീർ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം രാജീവൻ, പ്രിവന്റ്റീവ് ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ കെ,ജോസഫ് അഗസ്റ്റിൻ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് മാരായ പി മനോജ്, ടി വി ഗീത, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ആർ കെ, ശ്യാംജിത്ത് എം, അതുൽ ടി വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 






