ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന് നേരെ സൈബര്‍ ആക്രമണം. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി ബിനാന്‍സ് നിര്‍ത്തിവെച്ചു. ഹാക്കിങ്ങിനെ തുടര്‍ന്ന് ബിനാന്‍സിലുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം 100 കോടി ഡോളറിലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് സ്ഥാപകന്‍ ചാങ്പെങ് ഷാവോ മുന്നറിയിപ്പ് നല്‍കി. 14,000 കോടി ഡോളറിന്റെ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചാണ് ബിനാന്‍സ്. 1.7 ബില്യണ്‍ ഡോളര്‍ മുതല്‍ 6.3 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം
ഉപയോക്താക്കളുടെ ഫണ്ടുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ബിനാന്‍സ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്തുവന്നതോടെ മുന്‍നിര ക്രിപ്റ്റോ നാണയങ്ങളുടെ മൂല്യത്തില്‍ ഇടിവുണ്ടായി.
ബിറ്റ്‌കോയിന്റെ മൂല്യം 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളര്‍ എന്ന നിലയിലെത്തി.
ബിനാന്‍സിലെ ലിക്വിഡിറ്റി തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ എക്‌സ്‌ചേഞ്ചായ കോയിന്‍ഡിസിഎക്‌സ് തങ്ങളുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോകറന്‍സി രംഗത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചായ ബിനാന്‍സിന് നേരിടുന്ന വിശ്വാസനഷ്ടം മുഴുവന്‍ മേഖലയെയും ബാധിക്കുമെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.








