കാസര്‍കോട്: പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കാസര്‍കോട് ടൗണ്‍ പൊലീസില്‍ കീഴടങ്ങി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് കോടതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഖാദര്‍ കരിപ്പൊടി സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതി അഷ്‌റഫും കീഴടങ്ങി. നാലുമാസത്തിലധികമായി ഖാദര്‍ കരിപ്പൊടി ഒളിവിലായിരുന്നു.
പള്ളിക്കര സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുള്‍ അഹദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരെയുള്ള കേസ്. ഖാദറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റാഷിദ്, അഷ്റഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കഴിഞ്ഞ ജൂണ്‍ 27ന് വൈകീട്ട് ഗള്‍ഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുള്‍ അഹദിനെ വിളിച്ചുവരുത്തി ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി ആക്രമിച്ചുവെന്നാണ് പരാതി. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോക്‌സോ കേസിന് പുറമെ, പൊലീസിനെ വധിക്കാന്‍ ശ്രമിച്ച കേസ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം തുടങ്ങി പത്തോളം കേസുകളില്‍ ഖാദര്‍ കരിപ്പൊടി പ്രതിയാണ്.








