തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍. തമിഴ്നാട് സ്വദേശിനി ബേസില്‍ വാണിയാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ ഇവരെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതികളായ സജിത്ത്, നിഷാന്ത് എന്നിവര്‍ക്ക് ആന്ധ്രാക്കാരിയായ 16 കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസില്‍ വാണിയാണെന്ന് പൊലീസ് പറയുന്നു.
അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണിയാണ് ബേസില്‍ വാണി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ സ്പാകളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ വാണിക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. പീഡനം നടന്ന മൂന്നു സ്പാകളുടേയും നടത്തിപ്പുകാരി അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിസി മായയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ ബിനാമിയാണ് മായ. രണ്ടു വര്‍ഷം മുമ്പാണ് മായയെ ബിസിനസിലേക്ക് കൊണ്ടുവന്നത്. സ്പാകളിലെ വരുമാനം ആദ്യം മായയുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. തുടര്‍ന്ന് ആത്തുക അനുരൂപിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.
അറസ്റ്റിലായ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഫോണിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ഇളയമ്മയുള്പ്പെടെയുള്ളവരും മായയും തമ്മിലുള്ള ഫോണ്‍ ബന്ധങ്ങളും കണ്ടെത്തി. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് മായ കുറ്റകൃത്യത്തിലെ പങ്ക് സമ്മതിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഇളയമ്മയുടെ സുഹൃത്താണ് വാണിയെന്നാണ് സൂചന.
വാണിക്കു പുറമേ മറ്റു രണ്ടു സ്ത്രീകള്‍ കൂടി ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോവളം സ്പാ പീഡന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.








