കാസർകോട്: സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ലൈനുകളിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് സംസ്ഥാന ഗതാഗത വകുപ്പിന്റെ നീക്കം.
നിലവിൽ സീബ്രാ ലൈൻ 2 മീറ്റർ മുതൽ 4 മീറ്റർ വരെ വീതിയിലാണുള്ളത്. റോഡ് അപകടങ്ങൾ കൂടുതലായി നടക്കുന്ന ചില പ്രധാന കവലകളിൽ(ബ്ലാക്ക് സ്പോട്ട്) കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്ര ലൈനുകളുടെ വിസ്തൃതി ശാസ്ത്രീയമായി വർദ്ധിപ്പിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ട്.ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനപ്രകാരം സീബ്ര ലൈനുകളുടെ വീതി എട്ട് മീറ്ററാക്കാനാണ് ഇപ്പോൾ നടപടി സ്വീകരിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കിയിരുന്നു.
നഗരങ്ങളിൽ റോഡിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന രീതിയിലുള്ള “ടേബിള്‍ ടോപ്പ് ”സീബ്രാ ലൈനുകൾ സംസ്ഥാന വ്യാപകമായി വർദ്ധിപ്പിക്കാൻ ഗതാഗത വകുപ്പ് തത്വത്തിൽ തീരുമാനിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ വേഗത കുറക്കാനും, സുരക്ഷിതമായി ആളുകൾക്ക് റോഡ് മുറിച്ചു കടക്കാനും ഇവ സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൂട്ടൽ. കാൽനടയാത്രക്കാർക്ക് പൂർണ്ണ അവകാശമുള്ള മേഖലയാണ് സീബ്ര ലൈനുകൾ.ആളുകൾ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ നിറുത്തണമെന്നാണ് നിയമം.
പലപ്പോഴും ഇത് വാഹനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും, നിയമം ലംഘിക്കുന്നുവെന്നും വ്യാപക പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ നിയമലംഘനത്തിന് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും,2000 രൂപ പിഴ ഈടാക്കാനും നേരത്തെ പുറപ്പെടുവിച്ച ഹൈക്കോടതിയുടെ നിർദ്ദേശവുമു ണ്ട്.സീബ്രാലൈൻ ലംഘിക്കുന്നത് കർശനമായ ട്രാഫിക് പിഴകൾക്കും,മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾക്കും കാരണമാവുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയതുമാണ്.
കാസർകോട് ജില്ലയിൽ വാഹനാ പകടങ്ങൾ കൂടിവരുന്ന എംജി റോഡിൽ “ടേബിള്‍ ടോപ്പ് ”സീബ്ര ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.അതിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സീബ്ര ലൈനുകളുടെ വരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നുണ്ട്.







