കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ് പ്രതിഭാഗം വാദിച്ചത്. സുഹൈല്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും ശക്തമായി വാദിച്ചു. മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു.
അപകടത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ജോയല്‍ സുഹൃത്തിന് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം. ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈല്‍ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്. അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.








