മഞ്ചേശ്വരം: ജോഡ്കല്ലിലെ പൗരാണിക ആരാധനാലയമായ ഗണേശ മന്ദിരത്തോടനുബന്ധിച്ചു കെട്ടിയ പന്തല്‍ പൊലീസ് നേതൃത്വത്തില്‍ പൊളിക്കുമെന്ന സൂചനകളെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ മന്ദിര പരിസരത്ത് തടിച്ചുകൂടിക്കൊണ്ടിരിക്കുന്നു. സംഘര്‍ഷമുണ്ടായേക്കാന്‍ സാധ്യതയുണ്ടായേക്കുമെന്ന സംശയത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഗണേശോത്സവത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിനോട് ചേര്‍ന്ന് പന്തല്‍ സ്ഥാപിച്ചത്. ഗണേശോത്സവവും ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷവുമാണ് ഇവിടത്തെ പ്രധാന ആഘോഷ പരിപാടികള്‍.
പന്തല്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലം കയ്യേറി സ്ഥാപിച്ച പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നത്തില്‍ അധികൃത ഇടപെടലുണ്ടായത്.
തലമുറകളായി ഒരു തടസ്സവുമില്ലാതെ ഗണേശോത്സവവും ശ്രീകൃഷ്ണ ജന്മാഷ്ടമിയും ഇതേ സ്ഥലത്ത് നടത്തി വരുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ പന്തല്‍ സ്ഥാപിച്ചുവെന്നേയുള്ളു. ആരാധനാലയങ്ങളുടെ പേരിലും മറ്റും വ്യാപകമായി പൊതുസ്ഥലങ്ങള്‍ കൈയേറിയിട്ടുണ്ടെന്നും അവക്കെതിരെ മൗനം പാലിക്കുന്നവര്‍ ഇക്കാര്യത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ആശ്ചര്യകരമാണെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രവീശ തന്ത്രി കുണ്ടാര്‍, സെക്രട്ടറി ലോകേഷ് നൊണ്ട ചൂണ്ടിക്കാട്ടി.








