കാസര്‍കോട്: യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി ബാഗിലുണ്ടായിരുന്ന 25000 സൗദി റിയാല്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നാലംഗ സംഘത്തെ പൊലീസ് തെരയുന്നു. മലപ്പുറം മൂന്നിയൂര്‍ പാലക്കല്‍ ഇല്ലിക്കോട്ട് പിന്നിച്ചിപ്പറമ്പില് ഉമ്മര്‍ ബാവയാണ് അക്രമത്തിന് ഇരയായത്. വെരാവല്‍ എക്സ്പ്രസ് ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 3.15-ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. പരപ്പനങ്ങാടിയില്‍നിന്ന് ഉഡുപ്പിയിലേക്ക് ജനറല്‍ കോച്ചില്‍ യാത്രചെയ്യുകയായിരുന്നു ഉമ്മര്‍ ബാവ.
ട്രെയിന്‍ കാഞ്ഞങ്ങാട്ടെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ കണ്ടാലറിയാവുന്ന നാലംഗസംഘം ബലമായിപിടിച്ചിറക്കുകയും ബാഗിലുണ്ടായിരുന്ന സൗദി റിയാല്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഉമ്മര്‍ റെയില്‍വേ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഡാന്‍സാഫ് ടീമെന്ന വ്യാജേന എത്തിയ സംഘം ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്നു. ഉമ്മറിന്റെ ബാഗ് തുറന്നു പണം തട്ടിയെടുക്കുകയാണ് ചെയ്തത്. സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്‍പ്പെടെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







