വെളിച്ചം ദുഃഖമാണുണ്ണി, കുമ്പള പഞ്ചായത്തിലെ മിനിമാസ്-തെരുവ് വിളക്ക് ഇടപാടില്‍ വന്‍ കൃത്രിമമെന്ന് പരാതി: സര്‍ക്കാരിനും അന്വേഷണ വിഭാഗങ്ങള്‍ക്കും പരാതികള്‍

കുമ്പള: അസി. എഞ്ചിനീയറില്ലാത്തത് കൊണ്ട് കുമ്പള പഞ്ചായത്ത് വികസനം വഴിമുട്ടുന്നുവെന്ന് ഭരണകക്ഷി പഞ്ചായത്തു മെമ്പര്‍മാര്‍ പരിഭവപ്പെടുമ്പോള്‍ പഞ്ചായത്തിലെ തെരുവ് വിളക്ക് വികസനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സര്‍ക്കാരിനും വിവിധ അന്വേഷണ ഏജന്‍സികള്‍ക്കും പ്രമുഖ വ്യവസായിയും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ടുമായ ബി വിക്രം പൈ പരാതി നല്‍കി.
പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ 23 മിനിമാസ് ലൈറ്റുകളും 1015 തെരുവ് വിളക്കുകളും സ്ഥാപിക്കുന്നതിനു 81,36,000 രൂപ പഞ്ചായത്ത് ചെലവഴിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിലെ നാല് ബിജെപി വാര്‍ഡുകളിലും ഒരു സിപിഎം വാര്‍ഡിലും ഒരു തെരുവ് വിളക്കു പോലും സ്ഥാപിച്ചില്ലെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേ സമയം ഒരു ബിജെപി വാര്‍ഡില്‍ 10 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഭരണകക്ഷിയായ മുസ്ലിം ലീഗിന്റെ വാര്‍ഡുകളില്‍ 60 തെരുവ് വിളക്കുകള്‍ വരെ സ്ഥാപിച്ചു. പട്ടികജാതി വര്‍ഗ കോളനികള്‍ക്കടുത്ത് നിയമപരമായി തെരുവ് വിളക്ക് സ്ഥാപിക്കണമെന്നിരിക്കെ അത്തരം സ്ഥലങ്ങളെ പദ്ധതിയില്‍ നിന്ന് മാറ്റിനിറുത്തുകയായിരുന്നു.
പക്ഷപാതപരമായോ പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനോ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും പഞ്ചായത്ത് ഭരണസമിതി ഭാരവാഹിസ്ഥാനങ്ങളും ദുരുപയോഗം
ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ സത്യപ്രതിജ്ഞലംഘനമാണ് ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024,2025 2026 വര്‍ഷങ്ങളില്‍ തെരുവിളക്കുകളുടെ മറവില്‍ കോടിയില്‍പ്പരം രൂപയുടെ കൃത്രിമങ്ങളും തട്ടിപ്പും നടന്നുവെന്ന് വിക്രംപൈ പരാതിയില്‍ പറഞ്ഞു. മിനിമാസ് ലൈറ്റിന് 36 വാട്‌സ് ബള്‍ബാണ് എല്ലാ കമ്പനികളും ഉണ്ടാക്കുന്നതെന്നിരിക്കെ കുമ്പള പഞ്ചായത്ത് വാങ്ങിയ മിനിമാസ് ബള്‍ബിന് കാണിച്ചിട്ടുള്ളത് 35 വാട്‌സ് ബള്‍ബുകള്‍ ആണെന്ന് പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ബള്‍ബുകള്‍ക്ക് മുന്തിയ ഇനം കമ്പനികള്‍ പൊതു മാര്‍ക്കറ്റില്‍ പരമാവധി 700 രൂപ ഈടാക്കുമ്പോള്‍ കുമ്പള പഞ്ചായത്ത് ഒരു ബള്‍ബിന് 4600 രൂപ വിലക്കാണ് വാങ്ങിയതെന്ന് പരാതിയില്‍ എടുത്തു പറഞ്ഞു.
ദേശീയപാതയും കുമ്പള കെഎസ് ഡി പി റോഡും നിലവില്‍ വന്നപ്പോള്‍ റോഡ് സൈഡില്‍ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന മിനിമാസ് ലൈറ്റുകളും തെരുവ് വിളക്കുകളും നീക്കം ചെയ്യുകയും അത് പഞ്ചായത്തിനെ തന്നെ തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ഈ ലൈറ്റുകള്‍ക്കു പെയ്ന്റടിച്ചു പുതിയ മിനിമാസ് ലൈറ്റെന്ന വ്യാജേന പലേടത്തും സ്ഥാപിച്ചു-പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പുതിയ പദ്ധതിയില്‍ സ്ഥാപിച്ച മിനിമാസ് ബള്‍ബുകളില്‍ പകുതിയിലധികം 2024ലും 2025ലും തെരുവ് വിളക്കു പദ്ധതിയില്‍ പഞ്ചായത്ത് വാങ്ങിയവയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
ഒരു തവണ വാങ്ങുന്ന മിനിമാസ്, തെരുവ് വിളക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടി നിലവിലിരിക്കെ ഈ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് വര്‍ഷം തോറും വന്‍ തുക ചെലവാക്കിയിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപണമുന്നയിച്ചു. തെരുവ് വിളക്കുകളും ഹൈമാസ് ലൈറ്റും സ്ഥാപിച്ച് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിനുണ്ടാകുന്ന ഏത് തകരാറും വാറണ്ടിയനുസരിച്ച് വിതരണക്കാരന്‍ ചെയ്യുമെന്നിരിക്കെ അതിന്റെ അറ്റകുറ്റപ്പണിക്ക് വന്‍ തുകയുടെ ചെലവ് പഞ്ചായത്ത് വിനിയോഗിച്ചതെങ്ങനെയാണെന്ന് പരാതികളില്‍ ആരാഞ്ഞിട്ടുണ്ട്.
അതേ സമയം മുന്‍ പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതിക്ക് ക്വട്ടേഷന്‍ വിളിക്കുകയും കരാര്‍ ഉറപ്പാക്കുകയും ചെയ്തതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പുതിയ ഭരണസമിതിയാണ് വാര്‍ഡുകളിലും വിളക്കുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയതെന്നു ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page