ഇഡിയറ്റ്‌സ് ഓണ്‍ കണ്‍ട്രി

നാരായണന്‍ പേരിയ

അഹമ്മദാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന വിമാനം പുറപ്പെട്ടതേയുള്ളൂ. അപ്പോഴാണ് വിമാനത്തിലെ ക്യാബിന്‍ ക്രൂ, യാത്രക്കാരില്‍ ആരോ മന്ത്രിക്കുന്നത്- (പതുക്കെപ്പറയുന്നത്) കേട്ടത്. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട്. ഇപ്പോള്‍ പൊട്ടും. ബോംബോ? ക്രൂ പരിഭ്രാന്തനായി. ബോംബ് പൊട്ടിയാല്‍ ഉണ്ടാകാനിടയുള്ള ദുരന്തം! നിറയെ യാത്രക്കാരുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ട്.

ക്യാബിന്‍ക്രൂ ഉടനെ വിവരം പൈലറ്റിന് കൈമാറി. ഹൈദരാബാദ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. സെക്യൂരിറ്റി സ്റ്റാഫ് പരിശോധന നടത്തി- ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി ആപത്തൊഴിവാക്കണം. ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് സൂക്ഷ്മ പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകളും മറ്റും, നേരത്തേ പരിശോധിച്ചതാണെങ്കിലും വീണ്ടും പരിശോധിച്ചു. സംശയകരമായ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. യാത്രക്കാരെ ചോദ്യം ചെയ്തു. അവരുടെ പെരുമാറ്റം നിരീക്ഷിച്ചു. ഒരു വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞു. താന്‍ കൂട്ടുകാരോട് ഒരു തമാശ പറഞ്ഞതായിരുന്നു. മറ്റൊന്നും തനിക്ക് അറിഞ്ഞുകൂടാ. വിമാനം ലാന്റ് ചെയ്യും. പരിശോധിക്കും എന്ന് തോന്നിയിട്ടേയില്ല.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്മാര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കണം. ബോധവല്‍ക്കരിക്കണം. കുട്ടി തമാശ പറഞ്ഞതാണ് എന്ന് ബോധ്യമായി. മേലില്‍ ആവര്‍ത്തിക്കരുത് ഇമ്മാതിരി തമാശകള്‍. ദുരുദ്ദേശത്തോടെ ചെയ്തതല്ലാത്തതിനാല്‍ തല്‍ക്കാലം ശിക്ഷാ നടപടികളൊന്നും സ്വീകരിക്കുന്നില്ല.

യാത്രക്കാര്‍ക്ക് ആശ്വാസം തോന്നി. കുറേ സമയം പാഴായി. വൈകും ലക്ഷ്യസ്ഥാനത്തെത്താന്‍. എങ്കിലും അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലല്ലോ. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് തമാശക്കാരി. പന്ത്രണ്ട് വയസ്സ് പ്രായമുണ്ടാകും. നിയമപ്രകാരം കുട്ടിയെ ദുര്‍ഗ്ഗുണ പരിഹാരശാലയിലേയ്ക്ക് അയക്കേണ്ടതാണ്. എങ്കിലും തല്‍ക്കാലം അത് ചെയ്യുന്നില്ല. ഇമ്മാതിരി തമാശ ആവര്‍ത്തിച്ചാല്‍… മുന്നറിയിപ്പ് നല്‍കി.

ഇത് കുട്ടിക്കളി. എന്നാല്‍ ഇതോ? രാജസ്ഥാനില്‍ നടന്നത്? രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജഡ്ജി ജസ്റ്റിസ് ഗണപത് സിംഗ് ഭണ്ഡാരിക്ക് ഒരു വീഡിയോ കോള്‍ ലഭിച്ചു. സി ബി ഐ ഓഫീസറാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തി. ഹവാലാ ഇടപാടില്‍ അമ്പത് കോടിയോളം രൂപ താങ്കളുടെ കൈവശമുണ്ടല്ലോ. ഹവാലാ ഇടപാട് നിയമ വിരുദ്ധമാണ്. ശിക്ഷാര്‍ഹമായ കുറ്റം എന്ന് അറിയാമല്ലോ. ഇപ്പോള്‍ താങ്കള്‍ എന്ത് ചെയ്യണം എന്ന് പറയാം. അത് അനുസരിക്കാത്ത പക്ഷം ഡിജിറ്റല്‍ അറസ്റ്റിലാകും. താങ്കളെ മാത്രമല്ല, കുടുംബാംഗങ്ങളെയും കേസില്‍ അറസ്റ്റ് ചെയ്യും. പ്രതികളാക്കും. ഞങ്ങള്‍ ആവശ്യപ്പെടുന്ന പണം തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാം. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് താങ്കളാണ്. സംഭാഷണം നിന്നു.

ജസ്റ്റീസ് ഭണ്ഡാരി ഭയചകിതനായി. ഹവാലാ ഇടപാടില്‍ സി ബി ഐ കേസെടുക്കുക; അറസ്റ്റ് ചെയ്യപ്പെടുക; താന്‍ മാത്രമല്ല, കുടുംബാംഗങ്ങളും. നാണക്കേട്! റിട്ടയര്‍ഡ് ജഡ്ജി ഹവാലാ ഇടപാടില്‍ ജയിലിലാവുക?

ആവശ്യപ്പെട്ട പണം- രണ്ടരക്കോടി രൂപ- ബാങ്കുവഴി കൈമാറി. വീണ്ടും വിളി വന്നു. പണം ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കില്‍…. ജസ്റ്റീസ് ഭണ്ഡാരി പണം അയക്കാന്‍ മുതിര്‍ന്നു. അദ്ദേഹത്തിന് അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കിന്റെ മാനേജര്‍ക്ക് സംശയം തോന്നി. അദ്ദേഹം സ്വമേധയാ അന്വേഷണം നടത്തി. അപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അദ്ദേഹം രാജസ്ഥാന്‍ പൊലീസിലറിയിച്ചു. പൊലീസ് അന്വേഷണം നടത്തി.

കേരളത്തില്‍ നിന്നാണ് വീഡിയോ കോള്‍ ആ നമ്പറിലെത്തിയത്. വാരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത് വീട്ടില്‍ ആനന്ദബാബു ആണ് നമ്പറുകാരന്‍. എറണാകുളം സെന്‍ട്രല്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിനാനിപുരത്തു നിന്ന് ബാബുവിനെ പിടികൂടി. ചോദ്യം ചെയ്തു. തട്ടിപ്പു സംഘത്തെ കുറിച്ച് കുറേ കാര്യങ്ങള്‍ അറിഞ്ഞു. സംഘം വ്യാപകമാണ്. ഭൂരിഭാഗം പേരും കേരളത്തില്‍ നിന്നുള്ളവര്‍. രാജസ്ഥാന്‍ പൊലീസ് കണ്ടെത്തി; വ്യക്തമാക്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് കമ്മീഷണര്‍ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രാജസ്ഥാന്‍ പൊലീസിനോട് സഹകരിച്ചു.

ജസ്റ്റീസ് ഗണപതിസിംഗ് ഭണ്ഡാരി, റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്. ഒരു അജ്ഞാതന്‍ താന്‍ സി ബി ഐ ഉദ്യോഗസ്ഥാനാണ് എന്ന് വീഡിയോ കോളിലൂടെ അറിയിക്കുമ്പോഴേയ്ക്കും അത് വിശ്വസിക്കുക; പണം കൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കാം, കുറ്റവിമുക്തനാക്കാം എന്ന് പറയുന്നത് കേട്ട് വിശ്വസിക്കുക; ആവശ്യപ്പെട്ട പണം- കോടികള്‍- ബാങ്ക് വഴി കൈമാറുക!

കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ് എന്ന് അറിയാത്ത ഹൈക്കോടതി ജഡ്ജിയോ? ഹവാലാ ഇടപാട് നടത്തി ശീലമുണ്ടോ ഈ ന്യായാധിപന്?ജഡ്ജിമാരുടെവേതനം നന്നെ കുറവാണ് എന്ന് കേട്ടിട്ടുണ്ട്. റിട്ടയര്‍മെന്റിനു ശേഷം കിട്ടുന്ന പ്രതിമാസ പെന്‍ഷനും കുറവാണത്രേ. നിയമജ്ഞന്മാര്‍ ജഡ്ജിയാകാന്‍ താല്‍പര്യപ്പെടുന്നില്ല; വൈമുഖ്യം കാട്ടുന്നു. അതുകൊണ്ടാണ് കോടതികളില്‍ ജഡ്ജിമാര്‍ കേസുകളുടെ തോതനുസരിച്ച് ഇല്ലാതെ വരുന്നത് എന്ന് പറയുന്നു. വക്കീല്‍പ്പണിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും.

ജസ്റ്റീസ് ഭണ്ഡാരിയുടെ കൈകള്‍ എത്രത്തോളം പരിശുദ്ധമാണ്? അത് മറ്റൊരു വിഷയം: കേള്‍ക്കുന്നതെന്തും അതേപടി വിശ്വസിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കണം? ഡിജിറ്റല്‍ അറസ്റ്റ്? അങ്ങനെ ഒരേര്‍പ്പാടുണ്ടോ? ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ഒന്നല്ലേ അത്?

‘പ്രബുദ്ധഭാരതം’ എന്ന വിശേഷണം തല്‍ക്കാലം മാറ്റിവെയ്ക്കാം ‘ഇഡിയറ്റ്സ് ഓണ്‍ കണ്‍ട്രി’ എന്ന ആംഗല വിശേഷണം ചാര്‍ത്തിക്കൊടുക്കാം. പടുവിഡ്ഡികളുള്ള രാജ്യം!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page