കാസര്‍കോട്: തളങ്കര, കടവത്തെ ഒരു കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ നടന്ന പാതിരാ കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയെയാണ് അറസ്റ്റു ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാല്‍ ഇയാളെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. പ്രതിയെ കോടതി റിമാന്റു ചെയ്തു. കേസിലെ കൂട്ടുപ്രതികളായ മറ്റു രണ്ടു പ്രതികളെ വലയിലാക്കി ചോദ്യം ചെയ്തുവരികയാണ്.രണ്ടാഴ്ച മുമ്പാണ് കടവത്തെ കെട്ടിട മുറിയില്‍ അജ്ഞാതനെ നിലത്തു മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പുറത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു മുറി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയായിരുന്നു കൊലപാതകം.
നാലുപേരാണ് കെട്ടിടത്തില്‍ മുറിയെടുത്തിരുന്നത്. ഇവരില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കിയ ശേഷം ഗൂഗിള്‍ പേ വഴിയാണ് വാടക തുക നല്‍കിയിരുന്നത്. മുറിയെടുത്തതിനു ശേഷം രണ്ടു ദിവസം നാലുപേരും മത്സ്യ ബന്ധനത്തിനു പോയിരുന്നു. മൂന്നാം നാള്‍ രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യ ലഹരിയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ തോര്‍ത്ത് കഴുത്തിൽ മുറുക്കിയായിരുന്നു കൊല നടത്തിയതെന്നാണ് അറസ്റ്റിലായ ആള്‍ മൊഴി നല്‍കിയത്.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയായിരുന്നുഅന്വേഷണസംഘത്തിന്റെ മുന്നിലെ ആദ്യത്തെവെല്ലുവിളി. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും തന്ത്രപരമായി നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പട്ടത് കര്‍ണ്ണാടക, ദാവണഗരെ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു.
പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെത്തിയ ബന്ധുക്കള്‍ മൃതദേഹം നജീമുള്ളയുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണമാണ് കൊലയാളികളിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പലപ്പോഴും ദൂരെ ദിക്കുകളിലേയ്ക്കു ജോലിക്കു പോകാറുള്ള നജീമുള്ള ബംഗ്‌ളൂരുവില്‍ വച്ചാണ് മൂന്നു പേരെയും പരിചയപ്പെട്ടത്. തുടര്‍ന്ന് നാലുപേരും കൂടികാസര്‍കോട്ടെത്തിതളങ്കര,കടവത്ത് മുറിയെടുത്ത് മത്സ്യ ബന്ധന ജോലിക്കു പോവുകയായിരുന്നു. മൂന്നാം ദിവസം രാത്രിയിലാണ് നജീമുള്ള കൊല്ലപ്പെട്ടത്. പൊലീസ് വലയിലായിട്ടുള്ള മറ്റു രണ്ടു പേരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നതോടെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണമെന്തായിരുന്നുവെന്നു വ്യക്തമാകുമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം.







