തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന്
3 ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിയോടുകൂടിയ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസര്‍കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ചു അലര്‍ട്ടും,
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.
ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളായിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും ഇത് തിങ്കളാഴ്ച രാവിലെ മധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ചൊവ്വാഴ്ച രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.








