ക്ഷേത്രത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തി; ആക്രിക്കടയില്‍ വിറ്റു; മേല്‍ശാന്തി അറസ്റ്റില്‍

കല്ലമ്പലം: ക്ഷേത്രത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ മേല്‍ശാന്തി അറസ്റ്റില്‍. സംഭവത്തില്‍ മേല്‍ശാന്തിയായി ജോലി ചെയ്തിരുന്ന പാരിപ്പള്ളി മീനമ്പലം സ്വദേശി അപ്പുവെന്ന പ്രിന്‍സിനെ (27) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം കിഴക്കുപുറം വലിയ കാരയ്ക്കോട് ഭഗവതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടത്തിയത്. ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് രണ്ടരലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികള്‍ കാണാതായെന്ന് വ്യക്തമാവുന്നത്.
ക്ഷേത്രത്തിലെ വലിയ പിത്തള നിലവിളക്കുകളും തൂക്കുവിളക്കുകളും മുതല്‍ ശ്രീകോവിലിനുള്ളിലെ കെടാവിളക്ക് വരെ മോഷണം പോയിരുന്നു. വലിയ ചെമ്പുരുളികള്‍, ചെമ്പുപറ, മണികള്‍, ചെമ്പുപാത്രങ്ങള്‍, ഇരുമ്പ് കുഞ്ഞുവിളക്കുകള്‍ തുടങ്ങി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ലോഹവസ്തുക്കളെല്ലാം മോഷ്ടിച്ചു കടത്തി. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് അപ്പു ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ ആറുമുതല്‍ ഈ മാസം 21 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ മോഷണം നടത്തിയത്. ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി ഭാരവാഹികള്‍ കണക്കെടുപ്പ് നടത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. പരിശോധന ആരംഭിച്ചതോടെ കള്ളത്തരം പിടികൂടുമെന്ന് മനസ്സിലാക്കിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് മുങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഇയാള്‍ നേരിട്ട് എത്താതെ മറ്റൊരു ശാന്തിയെ അയച്ചാണ് ക്ഷേത്രനട തുറന്നത്. എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ ശക്തമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടരലക്ഷം രൂപ വിലവരുന്ന ക്ഷേത്രസാമഗ്രികള്‍ എല്ലാം ഒരു ആക്രിക്കടയില്‍ കൊണ്ടുപോയി വിറ്റതായാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page