വസ്ത്രം ഉണക്കാനിടുന്നതിനിടെ അയല്‍കമ്പി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി; കോളേജ് വിദ്യാര്‍ഥി മരിച്ചു, രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മരിച്ചു

മംഗളൂരു: വസ്ത്രം ഉണക്കാനിടുന്നതിനിടെ അയല്‍കമ്പി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി മകനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ മൂഡ്ബിദ്രി പാലഡ്ക വര്‍ണബെട്ടുവിലാണ് ദാരുണ സംഭവം നടന്നത്. മേഴ്സി മസ്‌കറീനാസ് (45), മകന്‍ ഷോണ്‍ മസ്‌കറീനാസ് (18) എന്നിവരാണ് മരിച്ചത്. മൂഡ്ബിദ്രിയിലെ ഹോളി റോസറി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഷോണ്‍ മസ്‌കറീനാസ്. അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വീടിന് സമീപത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതിനടുത്താണ് അയല്‍കമ്പി സ്ഥാപിച്ചിരുന്നത്. ആടിയുലഞ്ഞ അയല്‍കമ്പി വൈദ്യുതി ലൈനില്‍ തട്ടി. വൈദ്യുതാഘാതമേറ്റ് പിടയുന്നത് കണ്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മേഴ്‌സിക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട്ടിലേക്ക് വന്ന തോട്ടം തൊഴിലാളികളാണ് ഇരുവരെയും നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് മൂഡ്ബിദ്രി പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page