കാസര്‍കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കനത്ത കൃഷി നാശം. കോളംകുളത്തെ നെല്ലിയാനക്കല് സിബി, വി കെ ഹരീഷ് എന്നിവരുടെ തോട്ടത്തിലാണ് കനത്ത നാശം ഉണ്ടായത്. മൂപ്പെത്താത്ത നൂറോളം കപ്പകള്‍ പാടെ മറിഞ്ഞു വീണു. കാട്ടു പന്നികളുടെ ആക്രമണത്തെ അതിജീവിച്ചാണ് ഇരുവരും കപ്പ കൃഷി ഇറക്കിയത്. വിളവെടുപ്പിനു സമയം അടുത്തുവരുന്നതിനിടയില്‍ ഉണ്ടായ ശക്തമായ കാറ്റും മഴയും ഇരുവരെയും കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. മലയോരത്തിന്റെ പല ഭാഗങ്ങളിലും കാറ്റും മഴയും കനത്ത നാശം വിതച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.







