‘മാലിന്യം തള്ളിയെ’ സി സി ടി വി ക്യാമറ ഒപ്പിയെടുത്തു; നവോദയ ഫ്രണ്ട് ക്ലബ്ബ് പൊലീസില്‍ പരാതി നല്‍കി; കുമ്പള പഞ്ചായത്തിനും പരാതി

കുമ്പള: ഭാസ്‌ക്കരനഗര്‍ അങ്ങനങ്ങു ക്ലീനാവണോ?
ഇന്നു രാവിലെ മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി കൊണ്ടുവന്നു ഭാസ്‌ക്കര നഗറിനടുത്തെ കോളേജിനു സമീപത്തുള്ള കോണമ്മ കോമ്പൗണ്ടിന്റെ ഗേറ്റിനു മുന്നിലിട്ടു ഒന്നുമറിയാത്ത പോലെ നടന്നു പോയ ഷര്‍ട്ടിടാത്ത ആളുടെ ചലനങ്ങള്‍ തൊട്ടടുണ്ടായിരുന്ന സി സി ടി വി ക്യാമറ ഒപ്പിയെടുത്തു.

കുമ്പള പഞ്ചായത്തിലെ ശാന്തിപ്പള്ള മുതല്‍ നാരായണ മംഗലം വരെ റോഡ് സൈഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍ ജെ സി ബി ഉപയോഗിച്ചും സേവന പ്രവര്‍ത്തനങ്ങളിലൂടെയും നവോദയ ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്ലീനാക്കി നാടിനു തന്നെ മാതൃക പകരുകയായിരുന്നു. എല്ലാ ക്ലബ്ബുകളും നാട്ടുകാരും ഇത്തരത്തില്‍ തങ്ങളുടെ സമീപത്തുള്ള പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു നടിനെ ഹരിതാഭമാക്കാന്‍ ഈ സന്നദ്ധ പ്രവര്‍ത്തനം പ്രേരകമാവുമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷ. ഒപ്പം തങ്ങള്‍ ശുചീകരിച്ച ശാന്തിപ്പള്ള മുതല്‍ നാരായണ മംഗലം വരെ ഒരു തരത്തിലുള്ള മാലിന്യവും തള്ളരുതെന്നു ജനങ്ങളോടഭ്യര്‍ത്ഥിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടു ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ പരിസര ശുചിച്വത്തില്‍ അതൃപ്തി തോന്നിയ ആരോ വീണ്ടും മാലിന്യം ഈ പ്രദേശത്തു തളളി. സംശുദ്ധമായ പരിസ്ഥിതിക്കുവേണ്ടി പോരാട്ടം തുടരുന്ന നവോദയ ഫ്രണ്ട്‌സ് മാലിന്യം നീക്കം ചെയ്യുന്നതിനു മുമ്പ് അതു അരിച്ചു പെറുക്കി പരിശോധിച്ചപ്പോള്‍ അതില്‍ കുമ്പളയിലെ ഒരു ആശുപത്രിയില്‍ ചികിത്സിച്ചതിന്റെ രസീതു ലഭിച്ചു. അതുമായി ആശുപത്രിയെ സമീപിച്ച് ആളെ കണ്ടു പിടിച്ചു. തുടര്‍ന്നു പൊലീസിനും പഞ്ചായത്തിനും പരാതി കൊടുത്തു. പഞ്ചായത്ത് നക്കാപ്പിച്ച പിഴ ഈടാക്കി പ്രശ്‌നം പരിഹരിച്ചു. അതിനു ശേഷം ക്ലബ്ബു തന്നെ മുന്‍കൈയെടുത്തു റോഡില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.

പിന്നീട് കുഴപ്പമൊന്നുമില്ലാതിരിക്കെയാണ് ഇന്നു രാവിലെ ഷര്‍ട്ടിടാതെ തടിച്ചു കൊഴുത്ത ഒരാള്‍ ചാക്കില്‍ നിറച്ച മാലിന്യം കോണമ്മ കോമ്പൗണ്ടിന്റെ ഗേറ്റിനു മുന്നില്‍ കൊണ്ടു വന്നു തള്ളിയ ശേഷം ഒന്നു മറിയാത്ത പോലെ തിരിച്ചു പോവുന്നതു സി സി ടി വി ക്യാമറ ഒപ്പിയെടുത്തത്. ക്ലബ്ബ് പ്രവര്‍ത്തകര്‍ ദൃശ്യവുമായി സ്റ്റേഷനിലെത്തി പരാതികൊടുത്തു. പഞ്ചായത്ത് ഓഫീസിലും പരാതികൊടുക്കുന്നു. ഒപ്പം പഞ്ചായത്തിനോട് ഒരു നിര്‍ദ്ദേശവും ഉന്നയിക്കുന്നു -പൊതു സ്ഥലത്തു മാലിന്യം തള്ളുന്നവരില്‍ നിന്ന് കുറഞ്ഞത് 50,000 രൂപ പിഴ ഈടാക്കണം. എല്ലാത്തരക്കാരെയും ചേര്‍ത്തു പിടിക്കുന്ന പഞ്ചായത്ത് ഇത്തരം കാര്യങ്ങളില്‍ എന്തു നിലപാടു സ്വീകരിക്കുന്നെന്നു നാട്ടുകാര്‍ ഉറ്റുനോക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page