കാസര്‍കോട്: കാറില്‍ കടത്തിയ 70.87 ഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ ഒരാളെ കൂടി രാജപുരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കയ്യാര്‍, ചേവാറിലെ അബ്ദുല്‍ റസാഖി (36)നെയാണ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
സെപ്തംബര്‍ 30നാണ് കോളിച്ചാലില്‍
വച്ച് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നു പിടികൂടിയത്. കയ്യാര്‍, ചേവാറിലെ മുഹമ്മദ് ഷെരീഫ് (38), പുത്തിഗെ, എ കെ ജി നഗറിലെ
പി കെ അബ്ദുല്‍ ഷഹീര്‍ (38), ദണ്ഡഗോളി, പൂക്കട്ട ഹൗസിലെ മുഹമ്മദ് നാസര്‍ (34) എന്നിവരെ അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. പ്രതികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ അറസ്റ്റു ചെയ്തത്.
കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് ഷെരിഫീനെ കഴിഞ്ഞ ദിവസം
സി ഐ രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ പിടികൂടിയത്. കോളിച്ചാൽ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കണ്ണികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് രാജപുരം പൊലീസ്.







