മുംബൈ: യുവ വ്യവസായി ശിവ ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ കാമുകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്രദ്ധ ദുബെ അറസ്റ്റില്‍. ഒളിവിലായിരുന്ന ശ്രദ്ധയെ നാഗ്പുരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രദ്ധയുടെ സഹോദരി രശ്മി ദുബെ, ഡ്രൈവറും കൂട്ടുപ്രതിയുമായ ഡാനിഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്‌നൗവിലെ ശ്രദ്ധയുടെ ഫ്‌ലാറ്റിന്റെ നാലാം നിലയില്‍നിന്നു വീണാണ് ശിവ മരിച്ചത്. മകന്റെ മരണത്തില്‍ ശിവ ശര്‍മ്മയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിൽ ശ്രദ്ധയ്ക്ക് പങ്കുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
അന്വേഷണം ആരംഭിച്ച പൊലീസ് ഒളിവില്‍ പോയ ശ്രദ്ധയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസിലെ മൂന്നുപ്രതികളും ലക്‌നൗവില്‍ നിന്നും നേപ്പാളിലേക്കും അവിടെ നിന്നും റായ്ബറേലി വഴി ആഗ്രയിലേക്കും ഒടുവില്‍ നാഗ്പൂരിലേക്കും സഞ്ചരിക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്നു രക്ഷപ്പെടാൻ ശ്രമിക്കവേയാണ് യുപി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും നാഗ്പൂര്‍ പൊലീസും ചേര്‍ന്ന് പ്രതികളെ വലയിലാക്കിയത്. അതേസമയം ശിവശര്‍മ്മ ആത്മഹത്യ ചെയ്തതാണെന്നും, താന്‍ നിരപരാധിയാണെന്നും ഒളിവില്‍ കഴിയുന്നതിനിടെ ശ്രദ്ധ ദുബൈ സമൂഹമാധ്യമ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ശിവ ശര്‍മയ്ക്ക് 20 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് അയാള്‍ പറഞ്ഞിരുന്നുവെന്നു ശ്രദ്ധ വിഡിയോയില്‍ അഭിപ്രായപ്പെട്ടിരുന്നു.









