കാസര്‍കോട്: പാവപ്പെട്ട രോഗികളെ ചേര്‍ത്തുപിടിക്കുന്നതില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ മാതൃകയാകുന്നു. ഉറ്റവരും ബന്ധുക്കളും എല്ലാമുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ രോഗം വന്ന് അവശായവരെ പൊലീസും ഫയര്‍ഫോഴ്‌സും, സന്നദ്ധ പ്രവര്‍ത്തകരും ചികിത്സക്ക് എത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലേക്കാണ്. ഇവരെ കുളിപ്പിക്കുകയും പ്രാഥമിക കാര്യങ്ങള്‍ക്ക് സഹായിക്കുന്നതും എല്ലാം ഇവിടത്തെ ജീവനക്കാരാണ്. പല രോഗികളും ബെഡില്‍ തന്നെയാണ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ അവസ്ഥയില്‍ നോക്കാന്‍ പറ്റാത്തതിനാലാണ് ബന്ധുക്കള്‍ ഉപേക്ഷിക്കുന്നത്. ഇവരെ പരിചരിക്കുന്നതും ഇവര്‍ക്ക് ഡയപ്പര്‍, വസ്ത്രം, പ്രഭാത ഭക്ഷണം എല്ലാം ഇവിടത്തെ സ്ഥിരം-താല്‍ക്കാലിക ജീവനക്കാരുടെ നേതൃത്വത്തിലാണ് സൗജന്യമായി നല്‍കുന്നത്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനിടെ കിടപ്പിലായ ഭര്‍ത്താവിനെ ചികിത്സിക്കാന്‍ വന്ന ഒരു സ്ത്രീയുടെ കണ്ണീര്‍ക്കഥ കേട്ട ജീവനക്കാര്‍ അവരുടെ ആഗ്രഹം സഫലമാക്കി കൊടുത്തു. സെക്യൂരിറ്റി ജീവനക്കാരനോടാണ് ആ വീട്ടമ്മ സങ്കടം പറഞ്ഞത്. തന്റെ ഭര്‍ത്താവ് രോഗിയാണ്, വീട്ടില്‍ ഉപ്പ കിടപ്പ് രോഗിയാണ്, ഒരു പഴയ വീല്‍ ചെയറെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്ത്‌റൂമില്‍ കൊണ്ട് പോകാനും, പുറംകാഴ്ച കാണിക്കാനും ഉപകാരമായേനെ’. സംഭവം അറിഞ്ഞ ജീവനക്കാര്‍ ഒരു സന്നദ്ധ പ്രവര്‍ത്തകനെ സമീപിച്ച് ഒരാഴ്ചക്കകം ആ വീട്ടമ്മയ്ക്ക് പുതിയ വീല്‍ചെയര്‍ സമ്മാനിക്കുകയായിരുന്നു.







