മംഗളൂരു: തിങ്കളാഴ്ച ബൊളിയാര്‍ പെട്രോള്‍ പമ്പിന് സമീപം രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വഴിത്തിരിവ്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ്. ആദ്യം വാഹനാപകടത്തില്‍ മരണപ്പെട്ടതായാണ് വിവരം ലഭിച്ചതെങ്കിലും സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പിക്കപ്പ് സ്‌കൂട്ടിയില്‍ ഇടിച്ചത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ ഹഫീസ് എന്ന അപ്പിക്കെതിരെ കൊണാജെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് ബൊളിയാര്‍ പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്. കിനിയയിലെ മുഹമ്മദ് സുനൈദ് (23), സുഹൃത്ത് മുഹമ്മദ് അഫ്രാസ് (23) എന്നിവരാണ് മരിച്ചത്. കിനിയ നിവാസിയായ സുനൈദിന്റെ പിതാവ് ഇസ്മായില്‍ നല്‍കിയ പരാതിലാണ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുനൈദും, അഫ്രാസും വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും വൈകീട്ട് നാലുമണിയോടെ റാന്തഡ്ക കുരിശിന് സമീപത്ത് വച്ച് പിക്കപ്പ് ഡ്രൈവര്‍ ഹഫീസുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പ്രകോപിതനായ ഹഫീസ് സ്‌കൂട്ടിയെ പിന്തുടര്‍ന്നുവെന്നും ബൊളിയറിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം വച്ച് മനപ്പൂര്‍വം പിക്കപ്പ് ബൈക്കിടിച്ചുവെന്നും പൊലിസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു. സമീപത്തുള്ള ഒരു വൈദ്യുത തൂണ്‍ തകര്‍ന്ന് രണ്ടായി പിളര്‍ന്ന് റോഡില്‍ വീണുമാണ് സ്‌കൂട്ടിയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനൈദിനെ ദെര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 6.55 ന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഫ്രാസ് കെഎസ് ഹെഗ്ഡെ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു.









