കോട്ടയം: ബാങ്കിൽ സഹായിക്കാനെന്ന പേരിൽ അടുപ്പം കാണിച്ച് വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് ജ്യോതി കൃഷ്ണ (36) ആണ് പിടിയിലായത്. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് യുവതി പണം തട്ടിയത്. കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ജോലിയിൽനിന്നു വിരമിച്ച ലത എസ്റ്റേറ്റിൽനിന്നു ലഭിച്ച ഗ്രാറ്റുവിറ്റിത്തുകയുടെ ചെക്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയതായിരുന്നു. ഫോമുകൾ പൂരിപ്പിച്ചു സഹായിക്കാമെന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ ലതയുടെ അടുത്തുകൂടി. വേണ്ട സഹായങ്ങൾ ചെയ്ത് ലതയിൽ നിന്ന് ഫോൺ നമ്പറും വാങ്ങി. 17ന് ചെക്ക് മാറി പണം ആയിട്ടുണ്ടെന്ന് ബാങ്കിൽനിന്ന് അറിയിപ്പു ലഭിച്ചു. ഇതേദിവസം ലതയോടു ജ്യോതി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് സഹായത്തിനായി വീണ്ടും കൂടെ വരാമെന്ന് അറിയിക്കുകയും ചെയ്തു. പാസ് ബുക്കിൽ തുക പതിപ്പിച്ച ശേഷം മറ്റുചില ഫോമുകളിൽ കൂടി ഒപ്പിടാൻ ജ്യോതി കൃഷ്ണ ലതയോട് പറഞ്ഞു. ഇതുവഴി പണം ജ്യോതിയുടെ അക്കൗണ്ടിലേക്കു മാറ്റി. പിന്നീടാണ് പണം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടെന്ന് ലത അറിഞ്ഞത്. തുടർന്ന് 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








