കോഴിക്കോട്: പാലക്കാട് നിന്നും കണ്ടെത്തിയ മൊയിലോത്തറ സര്ക്കാര് എല്പി സ്കൂള് അധ്യാപിക കെ.അനുമോളെയും സമദിനെയും പൊലീസ് കോഴിക്കോട് എത്തിച്ചു. ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് വൈദ്യ പരിശോധനക്ക് വിധേയമാക്കി. തുടര്ന്ന് അധ്യാപികയെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്നു അറിയിച്ചതിനെ തുടര്ന്ന് അനുമോളെ മാതാപിതാക്കള്ക്കും ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം വിട്ടയച്ചു. അധ്യാപികക്കൊപ്പം ഒളിച്ചോടിയ സമദിനെ വടകര കോടതിയും കുടുംബത്തോടൊപ്പം വിട്ടയച്ചു. മക്കളെ ഉപേക്ഷിച്ചതിനു ജുവൈനല് ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന് പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താല് ഇരുവരെയും ജയിലില് അടക്കേണ്ട സാഹചര്യം വരും. ഇതോടെ സര്ക്കാര് ജോലിയില് നിന്നും സസ്പെന്ഡ് ചെയ്യും. ഇത് ഭയന്ന അധ്യാപിക നിലപാടുമാറ്റി കുടുംബത്തോടൊപ്പം പോകാന് സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു ഭര്ത്താവ് നിലപാട് എടുത്തതോടെ പൊലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കി. പത്തുദിവസം മുന്പ് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അനുമോള് വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനൊപ്പം ഒളിച്ചോടിയത്. ശനിയാഴ്ച പാലക്കാട് പുതുശേരിയിലെ വാടകവീട്ടില് നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. പത്തുവര്ഷം മുന്പ് ഗുരുതരമായ കരള് രോഗം ബാധിച്ച അനുമോള്ക്ക് സ്വന്തം കരള് പകുത്തുനല്കി ഭര്ത്താവ് സുഭാഷ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചരിത്രമുള്ള കുടുംബത്തിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങള് അരങ്ങേറിയത്. സോഷ്യല് മീഡിയയില് അധ്യാപികക്കെതിരെ കടുത്ത വിമര്ശനമാണ് ഉയര്ന്നത്.








