കാസര്കോട്: അക്കൗണ്ടില് എത്തിയതിനു പിന്നാലെ പല തവണകളായി പണം പിന്വലിച്ചു. ഇതേ തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ മൂന്നു സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകള് ‘ലീന്’ആയതായി പരാതി. അധികൃതര് നല്കിയ പരാതി പ്രകാരം പൊലീസ് മൂന്നു കേസുകള് രജിസ്റ്റര് ചെയ്തു. കുറ്റിക്കോല്, നെല്ലിത്താവ്, പ്ലാവുള്ളക്കയലിലെ എന്. ഉണ്ണികൃഷ്ണനെതിരെയാണ് കേസെടുത്തത്.
കുറ്റിക്കോലില് പ്രവര്ത്തിക്കുന്ന കാസര്കോട് റബ്ബര് ഫാര്മേഴ്സ് വെല്ഫെയര് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി നല്കിയ പരാതി പ്രകാരമാണ് ഒന്നാമത്തെ കേസ് രജിസ്റ്റര് ചെയ്തത്. സൊസൈറ്റിയ്ക്ക് ഓണ്ലൈന് വഴി പണം സ്വീകരിക്കാനോ, കൈമാറാനോ കഴിയില്ല. ഇതിനു പരിഹാരമായി പ്രസ്തുത സൗകര്യമുള്ള ബാങ്കില് സൊസൈറ്റിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേയ്ക്ക് അയച്ച പണത്തിന്റെ സ്ക്രീന് ഷോര്ട്ട് സൊസൈറ്റിയില് കാണിച്ചാല് സൊസൈറ്റി അംഗത്തിനു പണം നല്കും. സൊസൈറ്റിയുടെ അക്കൗണ്ടിലേയ്ക്ക് പലതവണയായി അയച്ച പണം ഉണ്ണികൃഷ്ണന് പിന്വലിച്ചതിനെ തുടര്ന്ന് സൊസൈറ്റിയുടെ അക്കൗണ്ട് ലീന് (തടസ്സപ്പെടൽ) ആയി . ഇതു വഴി സ്ഥാപനത്തിനു നഷ്ടം വരുത്തിയെന്നാണ് കേസ്.സമാന രീതിയില് പണം പിന്വലിച്ചുവെന്നു കാണിച്ചു കുറ്റിക്കോല്, അര്ബന് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നാട് ശാഖ മാനേജര്, കുറ്റിക്കോല് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പടുപ്പ് ശാഖ മാനേജര് എന്നിവര് നല്കിയ പരാതികളിലാണ് മറ്റു കേസുകള് ഉണ്ണികൃഷ്ണനെതിരെ ബേഡകം പൊലീസ് രജിസ്റ്റർ ചെയ്തത്.







