ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന് സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തമിഴ് സിനിമാ സംഗീതലോകത്ത് ‘തേനിസൈ തെന്ട്രല്’ (തേന്തെന്നല്) എന്ന വിശേഷണത്തില് അറിയപ്പെട്ടിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ലധികം ചിത്രങ്ങള്ക്ക് ഈണം പകര്ന്നിട്ടുണ്ട്.
രജനീകാന്ത് നായകനായെത്തിയ എക്കാലത്തെയും സൂപ്പര്ഹിറ്റ് ചിത്രങ്ങളായ ബാഷ, അണ്ണാമലൈ, അരുണാചലം എന്നിവയ്ക്ക് പുറമെ ആശൈ, കാതല് കോട്ടൈ, നേരുക്കു നേര്, വാലി, ഖുഷി തുടങ്ങിയ നിരവധി ചിത്രങ്ങള്ക്ക് സംഗീതം നല്കി. മോഹന്ലാല് നായകനായ ദി പ്രിന്സ്, മമ്മൂട്ടി ചിത്രം ഫാന്റം എന്നീ മലയാള സിനിമകള്ക്ക് സംഗീതസംവിധാനം നിര്വഹിച്ചത് ദേവയാണ്. ചെന്നൈയിലെ തനത് ‘ഗാനാ’ സംഗീത ശാഖയെ മുഖ്യധാര സിനിമകളിലേക്ക് കൊണ്ടുവരുന്നതില് അദ്ദേഹം വലിയ പങ്കുവഹിച്ചു.
തമിഴ്നാട് സര്ക്കാരിന്റെ പരമോന്നത കലാ പുരസ്കാരമായ കലൈമാമണി ബഹുമതിയും, ആശൈ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്ഡും നേടിയിട്ടുണ്ട്. ചെന്നൈയിലെ മൈലാപ്പുരില് 1950 ലായിരുന്നു ജനനം. 1986 ല് മട്ടുക്കര മന്നാരു എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില് സംഗീതസംവിധായകനായി ദേവ അരങ്ങേറ്റം കുറിച്ചത്.
1990കളില് ദേവ തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരില് ഒരാളായിരുന്നു. 1996-ല് മാത്രം ദേവ 36 സിനിമകള്ക്ക് സംഗീതം നല്കി. മകന് ശ്രീകാന്ത് ദേവയും ഒരു സംഗീതസംവിധായകനാണ്.








