തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നുമുതല് 20 വരെയുള്ള ദിവസങ്ങളില് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപിന്റെ വടക്കന് ഭാഗങ്ങള്ക്കും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കന് തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.








