കണ്ണൂർ:കൂട്ടുപുഴയില് എം.ഡി.എം.എ സഹിതം പിടിയിലായ അഞ്ചംഗസംഘത്തിന് സാമ്പത്തിക സഹായം നല്കുന്ന മലപ്പുറത്തെ മയക്കുമരുന്ന് സംഘത്തലവന് പിടിയില്. പാലക്കാട് പയ്യനാടം പോത്തുവപ്പാടം സ്വദേശിയും ഇപ്പോള് മലപ്പുറം പെരിന്തല്മണ്ണ അമ്മിണിക്കടവില് താമസക്കാരനുമായ ജാസിം ബാദുഷ (27)യെയാണ് റൂറല് ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിന്റെ നിര്ദേശപ്രകാരം ഇരിട്ടി ഡിവൈ.എസ്.പി: പി.കെ.ധനഞ്ജയ ബാബുവിന്റെ മേല്നോട്ടത്തില് നടത്തിയ അന്വേഷണത്തില് സി.ഐ. കെ.വി.ഉമേശന് അറസ്റ്റ് ചെയ്തത്.
കൂട്ടുപുഴയില് എം.ഡി.എം.എ സഹിതം പിടിയിലായ സംഘത്തെ ചോദ്യംചെയ്തതിനെ തുടർന്ന് വടകര കോട്ടക്കടവ് സ്വദേശിനി രോഷ്നി സാവിയോ (33), ഇവരുടെ ആണ്സുഹൃത്ത് കോട്ടയം കാടനാട് ചെമ്മായത്ത് മുല്ലക്കല് വീട്ടില് സാവിയോ മാത്യു (27) എന്നിവരെ കഴിഞ്ഞ അഞ്ചിന് പിടികൂടിയിരുന്നു. ജയിലിലടക്കപ്പെട്ട രോഷ്നിയും 11ന് ന്യൂമാഹിയില് എം.ഡി.എം.എയുമായി പിടിയിലായ തലശേരി ചാലില് അമ്പലപ്പറമ്പത്ത് പി.കെ.റുബൈദയും വനിതാ ജയിലില് എം.ഡി.എം.എ ഇടപാട് നടത്തുന്നതിനിടയില് 13ന് ജയിലധികൃതരുടെ ശ്രദ്ധയില്പ്പെടുകയും സൂപ്രണ്ടിന്റെ പരാതിയില് ടൗണ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്ന്നാണ് രോഷ്നിക്ക് ഉള്പ്പെടെ സാമ്പത്തിക സഹായം എത്തിക്കുന്നവരെക്കുറിച്ച് കൂടുതല് അന്വേഷണം നടത്തിയത്. ഈ അന്വേഷണമാണ് ജാസിം ബാദുഷയിലെത്തിയത്.
മലപ്പുറം ജില്ലയില് എം.ഡി.എം.എ എത്തിക്കുന്ന പ്രധാനിയാണ് ജാസിം ബാദുഷയെന്നു പൊലീസ് പറഞ്ഞു. രോഷ്നി സാവിയോ ഉള്പ്പെടെയുള്ളവര്ക്ക് എം.ഡി.എം.എ വാങ്ങിക്കാന് പണമെത്തിച്ച് നല്കിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം ജില്ലയില് മോഷണം, തട്ടിക്കൊണ്ടുപോകല്, ബലാത്സംഗം എന്നീ കേസുകളില് പ്രതിയാണ് ഇയാള്. ഇരിട്ടി മയക്കുമരുന്ന് കേസില് സാമ്പത്തിക സഹായം നല്കിയ കൂടുതല് പേര് പിടിയിലാകുമെന്നാണ് സൂചന. റൂറല് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്സാഫ് സംഘത്തിലെ അനൂപ്, ഷെഫീഖ്, ഷംസുദീന് എന്നിവരും ജാസിം ബാദുഷയെ മലപ്പുറത്ത് നിന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇതോടെ ഇരിട്ടി എം.ഡി.എം.എ കേസില് പിടിയിലായവരുടെ എണ്ണം ആറായി.








