കാസര്കോട്: ഉപ്പളയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വിവരമറിഞ്ഞ് ഫയര്ഫോഴ്സെത്തി തീയണച്ചുവെങ്കിലും എഞ്ചിന് പൂര്ണ്ണമായും കത്തി നശിച്ചു.

കണ്ണാടിപ്പാറയിലെ ജാസ്മിന്റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ (ബുധന്) വൈകുന്നേരമാണ് സംഭവം. ഉപ്പള, കൈക്കമ്പയിലേക്ക് കാറുമായി വരികയായിരുന്നു ജാസ്മിന്. സോങ്കാല് പള്ളിക്ക് സമീപത്ത് എത്തിയപ്പോള് റോഡില് ഉണ്ടായിരുന്നവരാണ് കാറിന്റെ മുന്വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. കാര് കൈ കാണിച്ച് നിര്ത്തിച്ച ശേഷം ബോണറ്റ് തുറന്നു നോക്കിയപ്പോള് തീ കത്തുന്നത് കണ്ടു. വിവരമറിഞ്ഞ് ഉപ്പള ഫയര്ഫോഴ്സിലെ സീനിയര് സ്റ്റേഷന് ഓഫീസര് സന്തോഷ്, അംഗങ്ങളായ ലിനേഷ്, സതീഷ്, സുരേഷ്, ഡ്രൈവര് ചരണ് എന്നിവരെ ത്തി തീയണക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.







