പയ്യന്നൂർ: എം.എസ്.എഫ് നേതാവ് അരിയില് അബ്ദുള് ഷുക്കൂര് വധക്കേസില് ഈ മാസം അവസാനത്തോടെ വിധി പറയും. പ്രമാദമായ കേസിന്റെ വിചാരണ നടപടികള് പൂര്ത്തിയായി. എറണാകുളം സി.ബി.ഐ സ്പെഷല് കോടതി ജഡ്ജി ശബരിനാഥ് മുമ്പാകെ 2025 ഫെബ്രുവരി അഞ്ചിനായിരുന്നു വിചാരണ നടപടികള് ആരംഭിച്ചത്. ഈ മാസം 23ന് കോടതി വിധി പറയുന്ന തീയതി നിശ്ചയിക്കും.
2012 ഫെബ്രുവരി 20ന് ഉച്ചയ്ക്കാണ് പ്രമാദമായ കേസിനു ആസ്പദമായ സംഭവം. ഉച്ചക്ക് 12.30 മുതല് 2.30 വരെ കണ്ണപുരം കീഴറയിലെ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടിലും വീടിന് സമീപമുള്ള വയലിലും പ്രതികളായ 29 പേരും കണ്ടാലറിയാവുന്ന മറ്റ് ചിലരും ഉള്പ്പെടെ 50 ഓളം പേര് തടഞ്ഞുവെക്കുകയും അബ്ദുള് ഷുക്കൂറിനെയും ഒപ്പമുണ്ടായിരുന്ന സക്കരിയയെയും കുത്തിപരിക്കേല്പ്പിച്ചുവെന്നാണ് കേസ്. കുത്തേറ്റ അബ്ദുള് ഷുക്കൂര് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെയും കല്യാശേരി എം.എല്.എയായിരുന്ന ടി.വി.രാജേഷിനെയും അന്നേ ദിവസം 11.45ന് അരിയില് വച്ച് മുസ്ലിംലീഗ് പ്രവർത്തകർ വാഹനം തടഞ്ഞ് അക്രമിച്ചിരുന്നു. ഇതേത്തുടര്ന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയില് ചികിത്സയില് കഴിയവെ പി.ജയരാജനും ടി.വി.രാജേഷും സി.പി.എം നേതാക്കളായ യു.വി.വേണുവും എ.വി.ബാബുവും മറ്റ് രണ്ട് പ്രതികള്ക്കൊപ്പം ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കെ.വി.സുമേഷ്, കെ.ഗണേശന്, എ.വി.അനൂപ്, വിജേഷ്, കെ.പ്രകാശന്, ഉമേശന്, പവിത്രന്, ലതീഷ്, മനോഹരന്, മിന ദിനേശന്, സി.എന്.മോഹനന്, വാടി ബിജു, നിതിന്, രാധാകൃഷ്ണന്, ഷിജിന് മോഹന്, സജിത്ത്, സുധാകരന്, നവീന്, ശ്യാംജിത്ത്, സരിന്, കെ.വി.ഷാജി, പ്രകാശന് മുതുവാനി, അജയകുമാര്, രാജീവന്, വി.വി.മോഹനന്, പുരുഷോത്തമന്, അജിത്ത്കുമാര്, വി.പി.സുരേശന്, കെ.ബാബു, യു.വി.വേണു, എ.വി.ബാബു, പി.ജയരാജന്, ടി.വി.രാജേഷ് എന്നിവരാണ് കേസിലെ പ്രതികള്. ഇവരിൽ സരിനും ബാബുവും വിചാരണ തുടങ്ങുമ്പോഴേക്കും മരിച്ചിരുന്നു.
വളപട്ടണം സി.ഐയായിരുന്ന യു.പ്രേമന്റെയും കണ്ണൂര് ഡിവൈ.എസ്.പിയായിരുന്ന പി.സുകുമാരന്റെയും നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ജയരാജനും രാജേഷും ഉള്പ്പെടെ 33 പേരെ പ്രതികളാക്കി 2012 ആഗസ്ത് 23ന് കുറ്റപത്രം സമര്പ്പിച്ചിരുന്നു. എന്നാല് അന്വേഷണത്തില് അതൃപ്തി പ്രകടിപ്പിച്ച് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയും തുടര്ന്ന് അന്വേഷണം സി.ബി.ഐക്ക് വിടുകയുമായിരുന്നു. രണ്ട് വര്ഷത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ അധിക കുറ്റപത്രം കോടതിയിൽ സമര്പ്പിച്ചത്.







