കല്പറ്റ: പത്മശ്രീ ജേതാവുംവയനാടന് ഗോത്രകര്ഷകനുമായചെറുവയല് രാമന് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. പരമ്പരാഗത നാടന് നെല്വിത്തുകളുടെ സംരക്ഷകനും ആദിവാസി കര്ഷകനുമായിരുന്നു. മാനന്തവാടി കമ്മന സ്വദേശിയായ ഇദ്ദേഹത്തെ 2023 ല് രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. ചെറുവയല് കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ജൂണ് 6 നാണ് ജനനം. രണ്ടാമത്തെ വയസുമുതല് പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊപ്പമായിരുന്നു താമസം. കമ്മന നവോദയ എല്.പി. സ്കൂളില് അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസുമുതല് കാര്ഷിക ജീവിതം. 1969 ല് എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂര് ഡി.എം.ഒ. ഓഫീസില് വാര്ഡനായി 150 രൂപ ശമ്പളത്തില് ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാന് ഇഷ്ടമില്ലാത്തതിനാല് സര്ക്കാര് ജോലി വേണ്ടെന്നുവക്കുകയായിരുന്നു.
പതിനേഴാം വയസ്സില് ആശ്രയമായിരുന്ന അമ്മാവന് മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കുന്നുംകുളമ്പന്, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനുമാണു രാമന്.
2011 ല് ഹൈദരാബാദില് നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാര്ഷിക സെമിനാറിലുള്പ്പെടെ 11 രാജ്യങ്ങളില് നടന്ന സമ്മേളനങ്ങളില് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര് പുരസ്കാരം ഉള്പ്പെടെ ഒട്ടേറെ ബഹുമതികള് ലഭിച്ചിരുന്നു.
ഭാര്യ: ഗീത. മക്കള്: രമണി, രമേശന്, രാജേഷ്. മരുമക്കള്: തങ്കമണി, രജിത, രാജന്, ഉണ്ണികൃഷ്ണന്.








