മൊഗ്രാല് പുത്തൂര്: ദേശീയപാത നിര്മ്മാണ പ്രവൃത്തി പൂര്ത്തിയായി മാസങ്ങളായിട്ടും മൊഗ്രാല് പുത്തൂര് അറഫാത്ത് നഗറില് ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. ഇത് യാത്രക്കാര്ക്ക് ദുരിതമാകുന്നു. നേരത്തെ ഇവിടെ സന്നദ്ധ സംഘടന നിര്മ്മിച്ച കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നു. നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുന്ന സമയത്ത് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയപ്പോള് പിന്നീട് ശരിയാക്കാം എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണും വാര്ഡ് മെമ്പറുമായ മാഷിദ മുഹമ്മത് അറഫാത്ത് നഗറില് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. പഞ്ചായത്ത് ഹോമിയോ ആശുപത്രി, മൃഗാശുപത്രി, അംഗന്വാടി തുടങ്ങിയവ ഈ സ്റ്റോപ്പിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഭിന്നശേഷിക്കാര്, വിദ്യാര്ത്ഥികള്, രോഗികള്, വൃദ്ധ ജനങ്ങള് അടക്കം ദിവസം നിരവധിപേര് യാത്രക്കായി കാത്തിരിക്കുന്നത് ഇവിടെയാണ്. ഇപ്പോള് വെയിലും മഴയും കൊണ്ട് കാത്തിരിക്കേണ്ട അവസ്ഥയാണ്. ദേശീയ പാത അധികൃതര് യാത്രക്കാരോട് മനുഷ്യവകാശ ലംഘനമാണ് നടത്തുന്നുന്നത്. അറഫാത്ത് നഗറില് എത്രയും വേഗത്തില് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിന് ഹാജി എം എല് എ, ജില്ലാ കളക്ടര്, പഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ലക്കുഞ്ഞി, വാര്ഡ് മെമ്പര് മാഷിദ മുഹമ്മദ് എന്നിവര് മുഖേന ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.







