വടക്കാഞ്ചേരി: വിവിധ ജില്ലകളിൽ നിന്ന് ബൈക്കുകൾ കവർന്ന കേസിൽ പിലിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചന്തേരയിലെ മൈലാച്ചും കുളങ്ങര ലിബേഷ്(26) ആണ് പിടിയിലായത്. ഒന്നിനു പിറകെ ഒന്നായി മൂന്നു ബൈക്കുകൾ മോഷ്ടിച്ച കേസുകളിലാണ് പ്രതിയെ നാട്ടിൽ നിന്നും വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു ബൈക്ക് കവർന്നിരുന്നു. പിന്നീട് തൃശ്ശൂർ വാഴക്കോട് പമ്പിന് സമീപത്ത് കണ്ട മറ്റൊരു പുതിയ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ആദ്യം കവർന്ന ബൈക്ക് ഉപേക്ഷിച്ചാണ് വീണ്ടും മോഷണം നടത്തിയത്. പിന്നീട് ഒറ്റപ്പാലത്ത് നിർത്തിയിട്ട വിലകൂടിയ ബൈക്കും പ്രതി കവർന്നു. പിന്നീട് തമിഴ് നാട്ടിലേക്ക് ഓടിച്ചുപോവുകയായിരുന്നു. പരാതികളെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽ വാഹനങ്ങൾ എത്തിച്ചു പൊളിച്ചു വിൽക്കുന്ന സംഘത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ലിബേഷിനെ പിടികൂടുന്നത്. സൈബർ സെൽ സഹായത്തോടെയാണ് പൊലീസ് കാസർകോട് എത്തി ലിബേഷിനെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം, കാസർകോട് എന്നീ സ്ഥലങ്ങളിൽ ലിബേഷിനെതിരെ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.








