കാസര്‍കോട്: സിപിഎം വിപുലീകൃത കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാനഗര്‍ എകെജി മന്ദിരത്തില്‍ ചേരുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് മുന്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കരട് റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിക്കും. 16ന് രാവിലെ ചര്‍ച്ച തുടരും. വൈകുന്നേരം നാലിന് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിന് സമീപം കാല്‍ലക്ഷം പേരുടെ റാലി നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ 112 പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, വര്‍ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ അംഗങ്ങള്‍.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്നാണ് സിപിഎം വിപുലീകൃത കമ്മിറ്റി യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ബംഗാളിലും കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ ചേരുന്നത്. പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും വിപുലീകൃത ജില്ലാ കമ്മിറ്റി കൈക്കൊള്ളും. പുതിയ കാലത്തിനനുസൃതമായി പാര്‍ട്ടി പ്രവര്‍ത്തനം കാലോചിതമാക്കാനുള്ള നടപടികളുണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെപി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടിഎംഎ കരിം എന്നിവര്‍ പങ്കെടുത്തു.







