തിരൂർ: ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായ പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) യാണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് തെറ്റായ സൈഡിലേക്ക് കയറി തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ സ്കൂട്ടി പെട്ടു. ബസ്സിന്റെ ചക്രം ദേഹത്ത് കയറി സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിന്നീട് ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.








