വിവേകമില്ലെങ്കില്‍ വിനാശം


നാരായണന്‍ പേരിയ

മന്ത്രി, തന്ത്രി- ശ്രവണസുഖം നല്‍കുന്ന പദങ്ങള്‍. മന്ത്രം അറിയുന്നയാള്‍ മന്ത്രി ; തന്ത്രം അറിയുന്നയാള്‍ തന്ത്രി. ഇതാണ് അര്‍ത്ഥം എന്ന് തോന്നും കേള്‍ക്കുമ്പോള്‍. എന്നാല്‍ നേരെ മറിച്ചാണ് പ്രയോഗത്തില്‍. അതായത് തന്ത്രം അറിയുന്നയാള്‍ മന്ത്രി. മന്ത്രം അറിയുന്നയാള്‍ തന്ത്രി. തന്ത്രങ്ങള്‍ അറിയാതെ, പ്രയോഗിക്കാതെ മന്ത്രിയാകാനും ആ പദവിയില്‍ വിജയിക്കാനും സാധ്യമല്ല തന്നെ. ഈ അര്‍ത്ഥ ചര്‍ച്ചയല്ല തല്‍ക്കാലം വിഷയം.

മന്ത്രവാദം- അത് ആശാസ്യമോ, അനാശാസ്യമോ? മന്ത്രവാദം രണ്ടുതരം- ദുര്‍മ്മന്ത്രവാദവും സന്മന്ത്രവാദവും. ലോകാ സമസ്താ സുഖിനോഭവന്തു. എല്ലാ ലോക വാസികള്‍ക്കും സുഖമുണ്ടാകട്ടെ. എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് മന്ത്രക്രിയ നടത്തുന്നത് സന്മന്ത്രവാദം. താനൊഴികെയുള്ളവരെല്ലാം നശിച്ചുപോകട്ടെ എന്ന് മന്ത്രിച്ചുകൊണ്ട് അഭിചാരക്രിയ നടത്തുന്നത് ദുര്‍മ്മന്ത്രവാദം. ഇരുന്നും നിന്നും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞും മുട്ടുകുത്തിയിരുന്നും ഓരോ ക്രിയയും മന്ത്രോച്ചാരണവും- മന്ത്രക്രിയകള്‍ ഇങ്ങനെ. അനുഷ്ഠാനത്തിന്റെ പരമമായ ഉദ്ദേശ്യം -അതാണ് തരം തിരിക്കുന്നത്; നല്ലതോ, ചീത്തയോ എന്ന് നിര്‍ണ്ണയിക്കുന്നത്.

ദുര്‍മ്മവാദം നിരോധിക്കാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടത്രേ. ദുര്‍മ്മന്ത്രവാദ നിരോധന നിയമം- നിയമ സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കണം. ഗവര്‍ണ്ണര്‍ അംഗീകരിച്ച് ഒപ്പിടണം. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. അപ്പോഴാണ് നിയമം പ്രാബല്യത്തില്‍ വരിക. അതുവരെ ദുര്‍മ്മന്ത്രവാദികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തും. അതിന് ഇരയാകുന്നവര്‍ ഗതികേടിലാകും. അവരെ സഹായിക്കാന്‍ നിലവിലുള്ള ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പില്ല.

ബില്ലിന്റെ കരട് രൂപം നിയമ നിര്‍മ്മാണസഭയില്‍ വകുപ്പു മന്ത്രി അവതരിപ്പിച്ചാല്‍, ജനാഭിപ്രായം അറിയാനായി നിയമസഭാ സമിതി നാടെങ്ങും സഞ്ചരിക്കും. ചിലപ്പോള്‍ മറുനാടുകളിലും. സമിതിയുടെ റിപ്പോര്‍ട്ടോടെ വീണ്ടും സഭയില്‍ അവതരിപ്പിക്കും, ചര്‍ച്ച ചെയ്യും. ഇതാണത്രേ നടപടി ക്രമം.

ഇപ്പോള്‍ സംസ്ഥാന ഭരണം കൈയാളുന്നവര്‍ സ്വമേധയാ തീരുമാനമെടുത്തതല്ല ഈ നിയമ നിര്‍മ്മാണം. കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടത് പ്രകാരം ചെയ്യുന്നതാണ്. എത്രയോ കാലമായി സംഘം ഈ ആവശ്യം ഉന്നയിക്കുന്നു- മന്ത്രവാദവും അഭിചാരവും നിരോധിക്കണമെന്ന്. ദുര്‍മന്ത്രവാദം മാത്രമല്ല, യുക്തിക്ക് നിരക്കാത്ത, അനാശാസ്യ പ്രവര്‍ത്തനങ്ങളെല്ലാം നിരോധിക്കേണ്ടതാണ്. തനി ചൂഷണങ്ങളായിട്ടുള്ളതെല്ലാം. സംഘം ആവശ്യപ്പെട്ടു.

പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് സംഘം ഇപ്പോള്‍ ചിരകാലമായുള്ള ആവശ്യം വീണ്ടും ഉന്നയിച്ചത്. കേരളാ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കോടതി വിഷയം പരിശോധിക്കാന്‍ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു. നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ഉപാധ്യക്ഷനും മുന്‍ നിയമ വകുപ്പ് സെക്രട്ടറിയുമായ കെ ശശിധരന്‍ നായരും, മുന്‍ ഡി ജി പി ജേയ്ക്കബ് പുന്നൂസും സമിതിയില്‍ അംഗങ്ങളാണ്.

മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണം പരിഗണിച്ചാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്.- ദുര്‍മന്ത്രവാദവും അഭിചാരക്രിയകളും മനുഷ്യത്വ വിരുദ്ധമായ ദുഷ്പ്രവൃത്തികളും തടയുന്നതിനുള്ള ബില്ല്. ഇപ്രകാരം ഒരു ബില്ല് തയ്യാറാക്കിയിട്ടുണ്ട് എന്ന് സമിതി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

നരബലി, ജീവനോടെ സംസ്‌ക്കരിക്കല്‍, മരണകാരണമായ പീഡനങ്ങള്‍, മാരകമായ പരിക്കേല്‍പ്പിക്കല്‍, അംഗഭംഗം വരുത്തല്‍, അഭിചാരക്രിയകളുടെ പേരില്‍ ലൈംഗികാതിക്രമങ്ങള്‍, ഗര്‍ഭഛിദ്രം- ഇങ്ങനെ നിരവധി അനാശാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്ക് കുറ്റകൃത്യങ്ങളുടെ ഗൗരവം നോക്കി നല്‍കേണ്ട ശിക്ഷകള്‍- എല്ലാം ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവപര്യന്തം തടവു വരെ നല്‍കണം എന്ന്. കൂടാതെ പിഴ ശിക്ഷയും.

അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റല്‍ മീഡിയയിലൂടെ അവതരിപ്പിച്ച് പ്രചരിപ്പിക്കുന്നതും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതും- ശിക്ഷാര്‍ഹമാണ്.

ഇമ്മാതിരി കുറ്റകൃത്യങ്ങള്‍ നടന്നതായി അറിഞ്ഞാല്‍, ഒട്ടും വൈകാതെ അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കണം. ഡി ജി പിയും എ ഡി ജി പിയും പബ്ലിക് പ്രോസിക്യൂട്ടറും അംഗങ്ങളായുള്ള സംസ്ഥാന തല നിരീക്ഷണ സമിതിയും രൂപീകരിക്കേണ്ടതാണ്.

ഇപ്രകാരമുള്ള ഒരു നിയമം പാസ്സാക്കിയാല്‍ ദുര്‍മ്മന്ത്രവാദവും അഭിചാരക്രിയകളും ഇല്ലാതാകുമോ?

അന്ധവിശ്വാസം- അതെന്ത്? എങ്ങനെ നിര്‍വചിക്കും? അന്ധമായ വിശ്വാസം- അതായത്, കേള്‍ക്കുന്നതെന്തും കണ്ണടച്ച് വിശ്വസിക്കല്‍- അത് ശരിയോ, തെറ്റോ എന്ന് ചിന്തിക്കാതെ വിശ്വസിക്കുക.

വിശ്വാസം രക്ഷിക്കും എന്ന വിശ്വാസം- അതേ അതും വിശ്വാസം. പരമാബദ്ധമാണ് അത്. ആരെയും രക്ഷിച്ചില്ല വിശ്വാസം. ആപത്തില്‍ ചാടിച്ചിട്ടേയുള്ളൂ. അങ്ങനെ രക്ഷിക്കുമായിരുന്നെങ്കില്‍, നാടിന്റെ അതിര്‍ത്തികാക്കാന്‍ ശത്രു രാജ്യങ്ങളുടെ നുഴഞ്ഞു കയറ്റങ്ങളും കടന്നാക്രമണങ്ങളും പ്രതിരോധിക്കാനായി സൈന്യങ്ങളും ആയുധങ്ങളും ആവശ്യമില്ലല്ലോ. മന്ത്രവാദക്രിയ നടത്തിയാല്‍പ്പോരേ> അതിര്‍ത്തിയില്‍ രക്ഷാ മന്ത്രമെഴുതി സ്ഥാപിക്കുക! സൈനിക ബജറ്റ് തന്നെ വേണ്ടെന്ന് വെയ്ക്കാം.

നിര്‍ദ്ദിഷ്ട ബില്ല് സഭയില്‍ ചര്‍ച്ചയ്ക്ക് വരട്ടെ. അപ്പോള്‍ കാണാം, അറിയാം, നമ്മുടെ രാഷ്ട്രീയക്കാരുടെ തന്ത്രപ്രയോഗങ്ങള്‍. വിശ്വാസം വ്രണപ്പെടുത്തുന്നു, മത സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന് വാദിക്കും പലരും.

ഈ ബില്ല് പാസ്സാകരുതേ എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. പൊലീസുകാര്‍. അവരുടെ ജോലിഭാരം കൂട്ടും ദുര്‍മ്മന്ത്രവാദ അഭിചാര നിരോധന നിയമം.

ഓര്‍ക്കുക. വിവേകമില്ലെങ്കില്‍ വിനാശം. ശാസ്ത്രീയമനോഭാവം -സയന്റിഫിക് ടെംപര്‍- വളര്‍ത്തുക: നമ്മുടെ ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഴര പതിറ്റാണ്ട് മുമ്പ്. എന്നിട്ടും?.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page