തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യത്തിനുമുള്ള അംഗീകാരമായി ചെറുവത്തൂർ ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമായ ഭാരത് സേവക് പുരസ്‌കാരം. തിരുവനന്തപുരം കവടിയാറിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമാജ് ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. തെയ്യത്തോടും പാരമ്പര്യ കലാരൂപങ്ങളോടും ചെറുപ്പം മുതലേ ആത്മബന്ധം പുലർത്തുന്ന കലാകാരനാണ് അനന്തു കൃഷ്ണ. ഏഴാം വയസ്സിൽ അടിവേടൻ തെയ്യം കെട്ടിയാടിയാണ് കലാജീവിതത്തിന് തുടക്കം. പതിനഞ്ചാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യവും പതിനാറാം വയസ്സിൽ ഒറ്റക്കോലം (തീച്ചാമുണ്ഡി) കെട്ടിയാടി പട്ടും വളയും സ്വീകരിച്ച് പണിക്കർ എന്ന ആചാരപദവി നേടി. മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടൻ ദൈവം, കാരഗുളികൻ, ഭൈരവൻ, കുട്ടിശാസ്തൻ, മൂവാളംകുഴി ചാമുണ്ഡി, കുറത്തി, കരിംകൂട്ടിശാസ്തപ്പൻ, രക്തേശ്വരി തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടി.
തെയ്യത്തിനൊപ്പം ചെണ്ടവാദനത്തിലും മറ്റു കലാമേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ചാക്യാർകൂത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. 26 കാരനായ അനന്തു കൃഷ്ണ സൗണ്ട് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കൃഷ്ണകുമാർ പണിക്കരുടെയും രഞ്ജിനിയുടെ മകനാണ്. അനു സൂര്യ കൃഷ്ണ സഹോദരിയാണ്.








