കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ എന്ന അലക്സ് (64) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നു രാവിലെയാണ് ജോസിനെ മരിച്ചത്. മൃതദേഹം മറിയാമ്മയാണ് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഭാര്യ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇടവക പള്ളിയില്‍ സംസ്‌കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറന്‍സിക് പരിശോധനയുടെയും ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും പൊലീസ് പറയുന്നു. ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ മരണം ഉറപ്പാക്കി. ശേഷം ജോസ് ആത്മഹത്യ ചെയ്തെന്നു മറിയാമ്മ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംസ്‌കാരത്തിനു ശേഷം പൊലീസ് നടപടി ഭയന്ന് മറിയാമ്മ ചെന്നൈയിലേക്ക് സ്ഥലം വിട്ടു. മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ കഴിയുകയായിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി നടത്തിയ അന്വേഷണത്തില്‍ മറിയമ്മ ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് സംഘം അവിടെയെത്തി മറിയാമ്മയെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു. അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് രണ്ട് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്. ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ മറിയാമ്മ നേരിട്ട ബുദ്ധിമുട്ടുകളും ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളുമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും ശാസ്താംകോട്ട സിഐ എസ്.മഹേഷ്‌കുമാര്‍ പറഞ്ഞു.








