കാസര്‍കോട്: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിനെതിരെ വീണ്ടും പരാതി.
കമ്പനിയില്‍ നിക്ഷേപിച്ച 27 ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി മുന്‍ ജീവനക്കാരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ചെറുപുഴ ചുണ്ടയിലെ സുനിത(48)യുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ചിറ്റാരിക്കാലിലേക്ക് കൈമാറുകയായിരുന്നു. കമ്പനി സിഇഒ സണ്ണി എബ്രഹാം, ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി, ഡയരക്ടര്‍മാരായ സിന്ധു ചക്രപാണി, അനില്‍ ചക്രപാണി, അക്കൗണ്ടന്റ് ബിന്‍സി ബാഹുലേയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2019 ല്‍ കമ്പനിയില്‍ ജോലി ആരംഭിച്ചപ്പോള്‍ പരാതിക്കാരി പലതവണയായി 27,38,068 രൂപ നിക്ഷേപിച്ചിരുന്നു. അത് ഇതുവരെയും തിരിച്ചുലഭിച്ചില്ല. കൂടാതെ 2023 മുതല്‍ ജോലിചെയ്ത ശമ്പളവും തടഞ്ഞുവച്ചിരിക്കുന്നു. പരാതിക്കാരിയെ മനപ്പൂര്‍വം ചതിച്ചെന്നാണ് പരാതി. രാഹുല്‍ ചക്രപാണിയും സംഘവും മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ വിവിധ പേരുകളില്‍ അനധികൃത ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി പേരെയാണ് തട്ടിപ്പിനിരയാക്കിയത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്.
2019ല്‍ നിക്ഷേപം നടത്തി 2024ല്‍ കാലാവധി പൂര്‍ത്തിയായെങ്കിലും പലര്‍ക്കും പണം ലഭിച്ചില്ല.







