കാസർകോട്: മേഘ കൺസ്ട്രക്ഷൻ കമ്പനി ദേശീയപാത നിർമ്മാണത്തിനായി എത്തിച്ച 30 ഇരുമ്പ് പൈപ്പുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശി പടിഞ്ഞാറേ വീട്ടിൽ പ്രജ്വല്‍ (33), പടന്ന തെക്കേക്കാട് സ്വദേശി പാവൂർ വീട്ടിൽ പി വി ശ്രീജേഷ് (36) എന്നിവരെയാണ് മേൽപ്പറമ്പ് എസ് ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് യുവാക്കൾ മോഷണം നടത്തിയത്. ഇരുമ്പ് പൈപ്പുകൾ ചട്ടഞ്ചാലിലെ സൈറ്റിൽ നിന്ന് മോഷണം പോയതായി മേഘ കമ്പനിയുടെ സെക്യൂരിറ്റി ഓഫീസർ പുഷ്പരാജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ദേശീയപാതയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മിനി ലോറി പരിശോധിച്ചപ്പോൾ ഇരുമ്പ് പൈപ്പുകൾ കണ്ടെത്തുകയായിരുന്നു. മേഘ കമ്പനിയുടെ ഉടമസ്ഥയിലുള്ള 30 ഇരുമ്പ് പൈപ്പുകൾ വാഹനത്തിൽ കയറ്റി കടത്താനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ചോദ്യം ചെയ്തതോടെ മോഷണം സമ്മതിച്ചു. പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തു.







