തിരുവല്ല: പോക്സോ കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതി കണ്‍മുന്നില്‍ നിന്ന് സാഹസികമായി ചാടിപ്പോയത് കേരള പൊലീസിനു കനത്ത നാണക്കേടായി. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. നിരണം ഇരതോട് ആശകുടി പുതുവേല്‍ വീട്ടില്‍ സജിത്ത് (32) ആണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതി രക്ഷപ്പെടുന്നത് കണ്ട പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും പുളിക്കീഴ് സ്റ്റേഷനില്‍ നിന്നും തിരുവല്ല, കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേര്‍ന്ന് കാട്ടിലേക്ക് ചാടി രക്ഷപ്പെട്ടു. പൊലീസുകാരും പിന്നാലെ ചാടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ നിലത്തെ ഇരുമ്പ് വളയത്തില്‍ കൈവിലങ്ങ് വെച്ചാണ് പൂട്ടിയിട്ടിരുന്നത്. എന്നാല്‍ രാത്രി 11 മണിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ കൈവിലങ്ങ് അതിവിദഗ്ധമായി ഊരിമാറ്റുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്റെ മുന്‍ വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു പ്രതി. സംഭവമറിഞ്ഞയുടന്‍ തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം പുളിക്കീഴ് സ്റ്റേഷനില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്റ്റേഷന് ചുറ്റുമുള്ള കാട്ടുപ്രദേശങ്ങളിലും സമീപത്തെ ഇടവഴികളിലും രാത്രി മുഴുവന്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. രക്ഷപ്പെട്ട സജിത്ത് നഗരവിട്ട് മറ്റ് ജില്ലകളിലേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഇയാളെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.








