കാസർകോട് :ദേശീയപാത 66-ന്റെ വികസനത്തോടൊപ്പം കാസർകോട് മണ്ഡലത്തിലെ കാൽനടയാത്രക്കാരുടെ യാത്രാവിഷമത്തിന് ശാശ്വത പരിഹാരമാകുന്നു. മണ്ഡലത്തിലെ അതീവ അപകടസാധ്യതയുള്ള അഞ്ച് കേന്ദ്രങ്ങളിൽ പുതിയ നടപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആറുവരി ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ ജനങ്ങൾ നേരിടുന്ന പ്രയാസം കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ നടപ്പാലങ്ങൾ അനുവദിച്ചത്. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സ്കൂൾ അധികൃതരുടെയും നിരന്തരമായ നിവേദനങ്ങൾ മുൻനിർത്തി എം.എൽ.എയുടെയും എം.പി.യുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭ്യമാക്കാൻ കാരണമായത്.
നടപ്പാലങ്ങൾ വരുന്ന പ്രധാന കേന്ദ്രങ്ങൾ:
കുന്നിൽ, സി പി സി ആർ ഐ ,അടുക്കത്ത് ബയൽ ,നുള്ളിപ്പാടി,ഇന്ദിരാനഗർ എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾ നിർമ്മിക്കുന്നത്.
ദ്രുതഗതിയിൽ പൂർത്തിയാകുന്ന ഈ ഫുട് ഓവർ പാതകൾ രോഗികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകും.
ദേശീയപാത പലയിടത്തും ഉയരത്തിലും, വേർതിരിച്ച നിലയിലും നിർമ്മിക്കപ്പെടുന്നതിനാൽ റോഡിന്റെ അപ്പുറത്തുള്ള സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും എത്തുവാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലായിരുന്നു ജനങ്ങൾ. എന്നാൽ പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ വരുന്നതോടെ കാസർകോട് നഗരത്തോടും അനുബന്ധ പ്രദേശങ്ങളോടും ചേർന്നുനിൽക്കുന്ന ഈ മേഖലകളിലെ ജനങ്ങൾക്ക് മിനിറ്റുകൾക്കകം സുരക്ഷിതമായി അപ്പുറത്തെത്താം.
ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ അത്യാധുനിക രീതിയിലാണ് നിർമ്മാണം പുരോഗമിക്കുക. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ അഞ്ച് നടപ്പാലങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ബന്ധപ്പെട്ട കരാർ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കല്ലട്ര മാഹിൻ എംഎൽഎ വ്യക്തമാക്കി.







