കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് വികസനത്തിനും നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗജന്യമായി ഭൂമി വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അർഹമായ ഇളവുകൾ അനുവദിക്കുന്ന കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചട്ടങ്ങളിൽ ഇളവുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നു ഇതു സംബന്ധിച്ച് കല്ലട്ര മാഹിൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി തദ്ദേശവകുപ്പു മന്ത്രി ഇക്കാര്യം വ്യക്തമാക്കി സഭയിൽ ഉറപ്പുനൽകിയത്.
റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകുമ്പോൾ, അവശേഷിക്കുന്ന ഭൂമിയിൽ നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ ഭാഗികമായി പൊളിച്ച കെട്ടിടങ്ങൾ ബലപ്പെടുത്തി ഉപയോഗയോഗ്യമാക്കുന്നതിനോ ഉടമകൾ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് കല്ലട്ര മാഹിൻ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെ തടസ്സവാദങ്ങൾ കാരണം പലരും സ്ഥലം വിട്ടുനൽകാൻ മടിക്കുകയും വിഷയങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നീളുകയും ചെയ്യുന്നത് വികസന പദ്ധതികളുടെ നിർമ്മാണച്ചെലവ് ക്രമാതീതമായി വർധിപ്പിക്കുന്നു.കാലതാമസവും നേരിടുന്നു.
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിൽ റോഡ് വികസനത്തിനായി 9 മീറ്റർ സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയ്യാറായെങ്കിലും സാങ്കേതിക തടസ്സങ്ങളാണ് വില്ലനാകുന്നത്. ഇവിടെ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ രണ്ട് വലിയ അപകടങ്ങൾ നടന്നു. നഗരത്തിന് വലിയ സേവനങ്ങൾ നൽകിയ പൊതുപ്രവർത്തകൻ ഹനീഫ അപകടത്തിൽ ദാരുണമായി മരണപ്പെടാനിടയായ സംഭവവും എം.എൽ.എ എടുത്തുപറഞ്ഞു.
ഇതിനു പരിഹാരമായി ഫ്ലോർ ഏരിയ റേഷ്യോ, കവറേജ്, പാർക്കിംഗ് എന്നിവയിൽ അർഹമായ ഇളവുകൾ അനുവദിക്കണമെന്നും, കർണാടകയിൽ ബി.ബി.എം.പി വഴി നടപ്പിലാക്കുന്ന ടി.ഡി.ആർ
( വികസന അവകാശ സർട്ടിഫിക്കറ്റ്) മാതൃക കേരളത്തിലും നടപ്പിലാക്കുന്നതിനായി പഞ്ചായത്ത്, മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അടിയന്തര ഭേദഗതി വരുത്തണമെന്നും അദ്ദേഹം സബ്മിഷനിൽ ആവശ്യപ്പെട്ടു.
എം.എൽ.എയുടെ സബ്മിഷന് മറുപടിയായി, സ്ഥലം വിട്ടുനൽകുന്നവർക്ക് ചട്ടങ്ങളിൽ നിലവിൽ തന്നെ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. 2019-ലെ കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അധ്യായം 10 പ്രകാരം പുതിയ റോഡ് നിർമ്മിക്കാനോ, നിലവിലുള്ള റോഡുകൾ വീതി കൂട്ടാനോ, നാക്കവലകൾ നവീകരിക്കാനോ വേണ്ടി ഭൂമി സൗജന്യമായി വിട്ടുകൊടുത്തവർക്ക് പുതിയ കെട്ടിട നിർമ്മാണത്തിനും നിലവിലുള്ള കെട്ടിടങ്ങളുടെ മാറ്റങ്ങൾക്കും നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി ഭൂവുടമകൾ നിശ്ചിത ഫോറത്തിൽ (അനുബന്ധം എ 3) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ മതിയെന്നും, അധ്യായം 10 പ്രകാരമുള്ള ഇളവുകൾ അനുവദിക്കുന്നതിൽ നടപടിക്രമപരമായ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കിൽ അത് അടിയന്തിരമായി പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി. മന്ത്രി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാകുന്നതോടെ എം.ജി. റോഡ് വികസനം അടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ പദ്ധതികൾക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page